ഗോൾഡ ഡിസൂസ|
Last Modified തിങ്കള്‍, 16 ഡിസംബര്‍ 2019 (10:39 IST)
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പൊലീസും രണ്ടു മണിക്കൂറോളം ഏറ്റുമുട്ടി. സോഷ്യൽ മീഡിയ തിരയുന്നത് ഡൽഹി പൊലീസിനെ ചൂണ്ടുവിരലിൽ വിറപ്പിച്ച, ശക്തമായി പ്രതിഷേധിച്ച ആ പെൺകുട്ടികൾ ആരെല്ലാമാണെന്നാണ്. അവർ രണ്ട് പേരും മലയാളികളാണ്. കോഴിക്കോടുകാരിയായ ല ദീദയും മലപ്പുറം സ്വദേശിനി ആയിഷ റെന്നയും.
യൂണിവേഴ്സിറ്റിക്കകത്തെ ടോയ്‌ലറ്റിനകത്ത് വരെ എത്തി സ്ത്രീ - പുരുഷ ഭേദമന്യേ വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഡൽഹി പൊലീസ് വിറച്ചത് ഈ പെൺകുട്ടികൾക്ക് മുൻപിലാണ്. പൊലീസിന്റെ ലാത്തിചാർജിൽ ഭയന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രക്ഷാമാർഗം സ്വീകരിച്ച മാധ്യമപ്രവർത്തകനെ തല്ലിച്ചതയ്ക്കാൻ അകത്തെത്തിയ ഡൽഹി പൊലീസിനെ ശബ്ദമുയർത്തി ഗെയിറ്റിനടുത്തേക്കും അവിടുന്നു റോഡിലേക്കും പിന്തിരിപ്പിക്കുന്ന ലദീദയേയും ആയിഷയേയും വൈറലായ വീഡിയോയിൽ കാണാം.
എന്നാൽ, ഇതിനിടയിൽ പൊലീസ് യുവാവിനെ കടന്ന് പിടിച്ച് ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അതുവരെ പൊലീസിനോട് ശബ്ദമുയർത്തി സംസാരിച്ച 5 പെൺകുട്ടികളും യുവാവിനെ രക്ഷപെടുത്താൻ ശ്രമിച്ചു. അയാൾക്ക് ചുറ്റിനും അവർ രക്ഷാകവചം തീർത്തു. ഒടുവിൽ പൊലീസ് പിന്തിരിയുകയായിരുന്നു
സഹപാഠിക്ക്മേൽ ലാത്തിയും തോക്കും കൊണ്ട് ചാടി വീണ പൊലീസിനു നേരെ അവളും കൂട്ടുകാരികളും ഉയർത്തിയ ശബ്ദവും അവരുടെ നോട്ടവും എന്നും ഈ ജനാധിപത്യ ഇന്ത്യ ഓർത്തിരിക്കും.