ന്യൂഡല്‍ഹി|
vishnu|
Last Modified ഞായര്‍, 9 നവംബര്‍ 2014 (15:17 IST)
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കുക എന്നലക്ഷ്യത്തോടെ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ മുഴവന്‍ ഇന്ത്യന്‍ നോട്ടുകളും നിയമവിധേയമാക്കാന്‍ മോഡി സര്‍ക്കാരിന്റെ നീക്കം. ഇരു രാജ്യങ്ങളിലും നൂറ് രൂപ വരെയുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിലവില്‍ നിയമവിധേയമാണ്. 500, 1000 രൂപ നോട്ടുകള്‍ കൂടി നിയമവിധേയമാക്കാനാണ് ശ്രമം.
ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളിലും ഭൂട്ടാനിലും നിയമവിധേയമാകുന്നതോടെ ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര മേഖലയ്ക്കും ഇത് കരുത്താകും. നേപ്പാളിലും ഭൂട്ടാനിലും അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിയമവിധേയമാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ ഉന്നത ഉദ്യോഗസ്ഥരും, റിസര്‍വ് ബാങ്ക് പ്രതിനിധികളും ധനമന്ത്രാല പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മുഴുവന്‍ നോട്ടുകളും നിയമവിധേയമാകുന്നതോടെ കള്ളനോട്ടുകള്‍ കൂടുതല്‍ പ്രചരിക്കുമോയെന്ന് യോഗത്തില്‍ ആശങ്ക ഉയര്‍ന്നു. എന്നാല്‍ കള്ളനോട്ട് പ്രചരിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടി നവംബര്‍ 22 മുതല്‍ 27 വരെ കാഠ്മണ്ഡുവില്‍ നടക്കും. അതിനു മുമ്പ് മുഴുവന്‍ ഇന്ത്യന്‍ കറന്‍സികളും നേപ്പാളിലും ഭൂട്ടാനിലും നിയമവിധേയമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.