അതിര് കക്കാന്‍ യന്തിരന്‍ വരുന്നു...!

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (14:18 IST)
പാക് അധീന കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്ന നുഴഞ്ഞുകയറ്റം ഒഴിവാക്കാന്‍ അതിര്‍ത്തിയില്‍ വിദൂര നിയന്ത്രിത റോബോട്ടിക് മെഷിന്‍ ഗണ്‍ സ്ഥാപിക്കാനൊരുങ്ങുന്നു. അടുത്തമാസം ആദ്യം ജമ്മുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കും. ഇസ്രായേലിന്റെ സഹായത്തൊടെയാണ് ഇന്ത്യ അതിര് കാക്കാനുള്ള ശക്തമായ നടപടിക്കൊരുങ്ങുന്നുന്നത്.

ഭീകരരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കാനും ദുർഘടമായ മേഖലകളിലെ പട്രോളിങ് ഒഴിവാക്കാനും സൈന്യത്തിന് ഇതിലൂടെ സാധിക്കും. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന മെഷീന്‍ ഗണ്ണുകളാണ് ഇവ. പ്രത്യേകം തയ്യാറാക്കിയ ടവറുകളിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ സ്ഥാപിക്കുന്നത്. ഈ ആയുധങ്ങൾ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കും.

പ്രത്യേക കവചത്തിനുള്ളിലാണ് ആയുധങ്ങളുടെ സ്ഥാനം.
150 ഡിഗ്രിവരെ തിരിക്കാനും കഴിയും. അതിർത്തിയോട് ചേർന്ന് 80 മീറ്റർ മാറിയാണ് ആയുധങ്ങൾ സ്ഥാപിക്കുന്നത്. പ്രധാന ആയുധം 7.62x39 എംഎം ലൈറ്റ് മെഷീൻ ഗണ്ണായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടവറിൽ സ്ഥപിക്കുന്ന മറ്റ് ആയുധങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ അതിർത്തിമേഖലയിലെ വസ്തുക്കളുടെ ചലനങ്ങൾ സൈൻസറുകൾ ഫീൽഡ് കമാൻഡറേയോ ഓപ്പറേറ്ററേയോ അറിയിക്കും. ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആയുധങ്ങൾ നിയന്ത്രിക്കാൻ ഓപ്പറേറ്റർക്ക് കഴിയും.

ഈ വർഷം 300ന് മുകളിൽ നുഴഞ്ഞുകയ‌റ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്തും ആൾനാശം ഉണ്ടായി. ഈ സാഹചര്യത്തിലാണ്
ആയുധങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ സൈന്യം തയ്യാറെടുക്കുന്നത്.

ദുർഘടമായ ഭൂപ്രകൃതിയും മഞ്ഞു വീഴ്ച്ചയും അതിർത്തിയിൽ പട്രോളിങ് ന‌‌ടത്തുന്നതിന് സൈന്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അതിർത്തി വേലികളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായെങ്കിലും മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്താണ് നുഴഞ്ഞുകയറ്റം നടക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ അനുവാദമില്ലാതെ അതിര്‍ത്തി കടന്നാല്‍ പിന്നെ ശരീരം അരിപ്പപോലെ തുളയ്ക്കാന്‍ ഈ യന്ത്രത്തിന് നിമിഷങ്ങള്‍ മതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :