സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (08:20 IST)
എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എയ്ഡ്‌സ് (എ.ഐ.ഡി.എസ്):'അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം' എന്നാണ് എയ്ഡ്‌സിന്റെ പൂര്‍ണ്ണനാമം. ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ 'ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്' അഥവാ 'എച്ച്.ഐ.വി' എന്നു വിളിക്കുന്നു.
രോഗപ്രതിരോധശേഷിയെ അപ്പാടെ നശിപ്പിച്ച് വിവിധ രോഗങ്ങള്‍ക്ക് അടിമയാക്കി ക്രമേണ മരണത്തിന്റെ വായിലേക്ക് മനുഷ്യനെ തള്ളിവിടുന്നു ഈ വൈറസ്. 1981 ല്‍ അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. സ്വവര്‍ഗരതിയാണ് രോഗകാരണമെന്ന് അന്നു കരുതിയിരുന്നു. പിന്നീട് മയക്കു മരുന്നിന് അടമകളായിരുന്നവരിലും ഈ രോഗം കണ്ടെത്തി.
1984 ല്‍ ഫ്രാന്‍സില്‍ മൊണ്ടെയ്‌നറും, അമേരിക്കയില്‍ ഗലോയും ഗവേഷണഫലമായി രോഗികളില്‍ ഒരു തരം വൈറസിനെ കണ്ടെത്തി. ഇവ എച്ച്.ഐ.വി എന്ന് അറിയപ്പെട്ടു. ഇതിന്റെ വലിപ്പമാകട്ടെ 100 നാനോമീറ്ററാണ്. ഇവയെ കാണണമെങ്കില്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ആവശ്യമാണ്. അതായത് ഒരു സൂചിക്കുത്ത് സ്ഥലത്ത് ലക്ഷക്കണക്കിന് എച്ച്.ഐ.വികള്‍.
രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്ന മനുഷ്യരക്തത്തിലെ 'റ്റി 4' എന്നറിയപ്പെടുന്ന വെളുത്ത രക്തകോശത്തിനെ നശിപ്പിച്ചുകൊണ്ട് എച്ച്.ഐ.വി ആക്രമണമാരംഭിക്കുന്നു. അതോടുകൂടി പ്രതിരോധശേഷി നഷ്ടപ്പെടുന്ന മനുഷ്യന്‍ സര്‍വ്വരോഗങ്ങള്‍ക്കും കീഴ്‌പ്പെടുന്നു.
അന്താരാഷ്ട്ര തലത്തില്‍ എയ്ഡ്‌സ് രോഗത്തിന് സാമൂഹികാവബോധം സൃഷ്ടിക്കുന്നതിന് വിവിധ സംഘടനകള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.അടയാളം ചുവപ്പ് റിബണാണ്.