അധികാരമേറ്റ ഹേമന്ത് സോറൻ സർക്കാറിന്റെ ആദ്യ ജനകീയ പ്രഖ്യാപനം: ജാർഖണ്ഡിൽ ആദിവാസികൾക്കെതിരായ രാജ്യദ്രോഹകേസുകൾ പിൻവലിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (17:22 IST)
ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം നിർണായക തീരുമാനവുമായി മുഖ്യമന്ത്രി ഹേമന്ത് സോറൻ. 2017ൽ നടന്ന പതൽഗഡി സമരവുമായി ബന്ധപ്പെട്ട് ഗോത്രവർഗ വിഭാഗങ്ങൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാനാണ് സോറൻ മന്ത്രിസഭായോഗത്തിലെ ആദ്യത്തെ തീരുമാനം. ശനിയാഴ്ചയാണ് ജാർഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ഛോട്ടാ നാഗ്പൂർ ടെനൻസി ആക്റ്റ്(സിഎൻടി) സന്താൾ പരഗാന ടെനൻസി(എസ്‌പിടി) ആക്റ്റ് എന്നിവയിലെ ഭേദഗതിയെ മന്ത്രിസഭ എതിർക്കുന്നതായും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പത്തൽഗഡി സമരവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കെതിരെ ഫയൽ ചെയ്ത എല്ലാ രാജ്യദ്രോഹകേസുകളും പിൻവലിക്കുകയും ചെയ്തു.

2016ൽ രഘുവർ ദാസിന്റെ നേത്രുത്വത്തിലുള്ള
ബിജെപി സർക്കാറാണ് ആദിവാസികളുടെ ഭൂമി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നത് തടയുന്ന 1908ലെ സി എൻ ടി ആക്ട് ഭേദഗതി ചെയ്തത്.ഖനനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു നിയമം ഭേദഗതി ചെയ്തത്. തീരുമാനത്തിനെതിരെ ഗോത്രവർഗത്തിനിടയിലും ജാർഖണ്ഡിലെ ബിജെപിക്കിടയിലും പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും നടപടിയുമായി ബിജെപി മുന്നോട്ട് പോകുകയായിരുന്നു.

എന്നാൽ 2017ൽ സർക്കാറിന്റെ തീരുമാനത്തിനെതിരെ ഗ്രാമവാസികൾ പതൽഗഡി എന്ന പേരിൽ പ്രക്ഷോഭമാരംഭിച്ചു. ഇത്തരത്തിൽ പ്രക്ഷോഭത്തിലേർപ്പെട്ട
പതിനായിരത്തിന് മുകളിൽ ആളുകൾക്ക് മേലെയാണ് രാജ്യദ്രോഹകേസ് ചുമത്തിയിരുന്നത്. ഇത് പിൻവലിക്കാനാണ് ഇപ്പോൾ മന്ത്രിസഭായോഗം അനുവാദം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :