ഛണ്ഡിഗഡ്|
VISHNU N L|
Last Modified വ്യാഴം, 28 മെയ് 2015 (16:48 IST)
പോലീസ് ഉദ്യോഗസ്‌ഥരുടെ ജോലി സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. കൂടുതല്‍ സമയം ജോലി ചെയ്യേണ്ട സാഹചര്യവും പൊതു അവധി ദിനങ്ങളില്‍പോലും ജോലിയില്‍ ഏര്‍പ്പെടേണ്ട അവസ്ഥ. ഈ സാഹചര്യങ്ങളില്‍ പല ഉദ്യോഗസ്‌ഥര്‍ക്കും തങ്ങളുടെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും നഷ്‌ടപ്പെടുന്നു. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ പോലും തകരാന്‍ ഇത് ഇത് ഇടയാക്കാറുമുണ്ട്. ഇത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യവും ക്ഷമയും , ഏകാഗ്രതയുമൊക്കെ നശിപ്പിക്കുന്നു.
എന്നാല്‍
ഹരിയാന പൊലീസ് ഇക്കാര്യത്തില്‍ രാജ്യത്തിനൊട്ടാകെ മാതൃകയായിരിക്കുകയാണ്. ഹരിയാന പോലീസ് സേനയിലെ ഉദ്യോഗസ്‌ഥര്‍ക്ക് ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ ഇനി അവധി ദിനമാണ്. ഛണ്ഡിഗഡ് ഐജി ആര്‍ പി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് വിട്ടത്. രജിസ്‌റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയവയുടെ അടിസ്‌ഥാനത്തിലായിരിക്കും ഉദ്യോഗസ്‌ഥര്‍ക്ക് അവധി ലഭിക്കുക.
ഉത്തരവാദിത്വത്തിന്റെ പേരിലും ജോലിഭാരത്തിന്റെ പേരിലും കുടുംബ ബന്ധങ്ങളിലെ സന്തോഷം നഷ്‌ടപ്പെടുന്ന ഉദ്യോഗസ്‌ഥരെ സഹായിക്കാനാണ് അധികൃതര്‍ വ്യത്യസ്‌തമായ ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹിതരല്ലാത്ത ഉദ്യോഗസ്‌ഥര്‍, വിധവകള്‍, വിവാഹ മോചനം നേടിയവര്‍ തുടങ്ങിയവര്‍ക്ക് മറ്റ് പ്രധാന നിമിഷങ്ങളില്‍ അവധിയില്‍ പ്രവേശിക്കാമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്‌ഥരുടെ കമാന്റിങ് ഓഫീസര്‍ക്കാണ് അവധി നല്‍കുന്നതിനുള്ള ചുമതല.