അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്; അഞ്ചു പേര്‍ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

അര്‍ണിയ| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (11:36 IST)
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഇന്ന് രാവിലെ ശക്തമായ വെടിവെയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളും 13 വയസുകാരിയായ ബാലികയും ഉള്‍പ്പെടുന്നു.

ഇതിനിടെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് യാതൊരു പ്രകോപനവും കൂടാതെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അര്‍ധരാത്രി 1.30 മുതലാണ് വെടിവെയ്പ്പ് തുടങ്ങിയത്. ഈ വര്‍ഷം ഇത് പതിനൊന്നാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്നലെ പൂഞ്ച് ജില്ലയിലെ മെന്തര്‍, സാജിയാന്‍ പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സേന വെടിയുതിര്‍ത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാജിയാന്‍ പ്രദേശത്ത് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയും കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ വെടിവെയ്പ്പ് നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം വെടിവെയ്പ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു. രാജ്യാന്തര അതിര്‍ത്തിയായ ആര്‍എസ് പുര സെക്ടറിലായിരുന്നു സംഭവം. ഒരു വീടും പാക്കിസ്ഥാന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിന് മുമ്പ് പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ 17കാരി കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :