ന്യൂഡൽഹി|
Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (16:13 IST)
ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ കീഴടങ്ങാമെന്ന മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഹര്‍ജി
സിബിഐ കോടതി തള്ളി.
കേസില്‍ ചിദംബരത്തെ കസ്‌റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഡൽഹി റോസ്അവന്യു സിബിഐ കോടതി ഹര്‍ജി തള്ളിയത്. ഇതിനാൽ ചിദംബരം തീഹാർ ജയിലിൽ തന്നെ തുടരും.
നിലവിലെ സാഹചര്യത്തില്‍ ചിദംബരത്തെ കസ്റ്റഡിയില്‍
എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത
കോടതിയെ അറിയിച്ചു. ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡയില്‍ തന്നെ
തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്‌റ്റിലേക്ക് പോകാമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഈ നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ചിദംബരം കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് ചിദംബരം. ഈ മാസം 19 വരെയാണ് കസ്റ്റഡി കാലാവധി.