അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (12:35 IST)
രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിന് കാരണം ഭരിക്കാൻ അറിയാത്ത ഭരണാധികാരികളാണെന്ന് കുറ്റപ്പെടുത്തി മുൻ ധനകാര്യ മന്ത്രി പി ചിദംബരം. സാമ്പത്തികം രംഗം ഐസിയുവില്‍ ആണെന്ന മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ പരാമർശത്തെ കൂട്ടുപിടിച്ചാണ് നിർമല സീതാരാമനെതിരെയുള്ള പി ചിദംബരത്തിന്റെ വിമർശനം. രാജ്യത്തെ സാമ്പത്തികാവസ്ഥ ഐസിയുവിൽ അല്ല, എന്നാൽ ചികിത്സിക്കാൻ പ്രാപ്‌തിയില്ലാത്ത ഡോക്‌ടർമാർ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിന് പുറത്ത് കിടത്തി പരിശോധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും പി ചിദംബരം പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്‌മ വർധിക്കുമ്പോഴും സർക്കാർ പറയുന്നത് എല്ലാം മംഗളകരമാണെന്നാണ്. വളർച്ച സൂചികകൾ എല്ലാം തന്നെ താഴോട്ട് പോകുമ്പോൾ ഇതെങ്ങനെ ശരിയാകും. ഇങ്ങനെയെങ്കിൽ എങ്ങനെ ജിഡിപി 7 മുതൽ 8 വരെയെത്തുമെന്നും മുൻ ധനകാര്യമന്ത്രി ചോദിച്ചു. സാഹചര്യം മോശമാണെങ്കിലും 1991ലെ അത്ര മോശമല്ലെന്നും ഏഷ്യയില്‍ 1997ല്‍ നേരിട്ട സാമ്പത്തിക മാന്ദ്യവസ്ഥയോട് അടുത്താണ് രാജ്യമുള്ളതെന്നും എന്നാൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയുന്ന ആളുകളുണ്ടെങ്കിൽ ഈ അവസ്ഥയിൽ നിന്ന് പുറത്തെത്താനാവുമെന്നും ചിദംബരം പറഞ്ഞു.