അഭിറാം മനോഹർ|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (14:34 IST)
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി-23 നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിർണായക യോഗം. പാർട്ടിയിൽ മാറ്റങ്ങൾ വേണമെന്നും ഗാന്ധികുടുംബത്തിന്റെ പുറത്ത് നിന്നൊരാൾ പാർട്ടിയുടെ തലപ്പത്തേയ്ക്ക് വരണമെന്നുമാണ് ജി-23 നേതാക്കളുടെ പ്രധാന ആവശ്യം.
കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തില്‍ പങ്കെടുത്തു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗർ ഭട്ടാൽ, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ്മ,രാജ് ബാബര്‍, അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കപില്‍ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാ നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെ കപിൽ സിബൽ രൂക്ഷവിമർശനമായിരുന്നു ഉയർത്തിയത്. വിമർശനങ്ങളിൽ ചില നേതാക്കള്‍ക്കുള്ള എതിര്‍പ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.