'തായ്‌ലന്‍ഡ്‌കാരന്റെ ഒരു കാര്യം'; 119-മത്തെ വയസില്‍ ഇരട്ടകുട്ടികള്‍

   ഇരട്ടകുട്ടികള്‍ , സസ്യശാസ്ത്രജ്ഞര്‍  , ബംഗാള്‍ , ഷിപ് ബൂര്‍ ബോട്ടാണിക് ഗാര്‍ഡന്‍
ബംഗാള്‍| jibin| Last Updated: ബുധന്‍, 12 നവം‌ബര്‍ 2014 (17:30 IST)
ഒരു കുട്ടിക്കായി അവള്‍ കാത്തിരുന്നത് 119വര്‍ഷങ്ങള്‍, അവസാനം അവളുടെ ആഗ്രഹം മനസിലാക്കിയ പ്രകൃതി അവള്‍ക്ക് കുഞ്ഞിനെ നല്‍കി. അവളുടെ കാത്തിരിപ്പിന് ഒന്നല്ല രണ്ട്
സുന്ദരിക്കുട്ടികളെ നല്‍കി അതും ഇരട്ട മക്കള്‍. ഒരു കുഞ്ഞിക്കാല്‍ കാണുന്നതിനായി പലരും ആവോളം ശ്രമിച്ചെങ്കിലും ഇരുവരുടെയും ജനനം മാത്രം സാധ്യമായില്ല. ഒടുവില്‍ ദേശങ്ങള്‍ താണ്ടിവന്ന ഒരു തായ്‍ലന്‍ഡ് ബീജമാണ് അവള്‍ക്ക് 119മത്തെ വയസില്‍ രണ്ടു ഇരട്ടക്കുട്ടികളെ സമ്മാനിച്ചത്.

എല്ലാവര്‍ക്കും '' കണ്‍ഫ്യൂഷന്‍ '' ആയി അല്ലേ, ആരും സംശയിക്കേണ്ട പശ്ചിമ ബംഗാളിലെ ഷിപ് ബൂര്‍ ബോട്ടാണിക് ഗാര്‍ഡനിലെ ലൊഡോയ്സിയ മാല്‍ദിവിക എന്ന അപൂര്‍വ്വ ഗണത്തില്‍പ്പെട്ട തെങ്ങിന്റെ കഥയാണിത്. വര്‍ഷങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ തേങ്ങ ഉണ്ടായതിലൂടെ തെങ്ങിപ്പോള്‍ കന്നിപ്രസവം കഴിഞ്ഞ യുവതിയെപ്പോലെയാണ്.

1894ല്‍ ബ്രിട്ടീഷുകാരാണ് കഥാനായികയെ ഇന്ത്യയിലെത്തിക്കുന്നത്. 98 വയസ്സായ ശേഷം ഇവള്‍ പുഷ്പിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് ഇത് പെണ്‍വര്‍ഗത്തില്‍ പെട്ടതാണെന്ന ‘സത്യം’ഷിപ് ബൂരിലെ സസ്യശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നത്. അതിനു ശേഷം ഒരു വലിയ ശ്രമമായിരുന്നു ശാസ്ത്രജ്ഞര്‍ നടത്തിയത്. തെങ്ങില്‍ തേങ്ങ ഉണ്ടാകുന്നതിനായി അവര്‍ എല്ലാ പരീക്ഷണങ്ങളും നടത്തി. ഒന്നും രണ്ടുമല്ല ഏഴ് വര്‍ഷമായി ശാസ്ത്രജ്ഞര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിന്നു. ഓരോ തവണയും കന്നി പ്രസവത്തിന് നിന്ന് തരാതെ തെങ്ങ് ഒഴിഞ്ഞുമാറി. അവള്‍ ജന്മം നല്‍കുന്ന കുട്ടികള്‍ പ്രായം തികയും മുന്‍പേ അകാല മൃത്യുവടയുന്നതായിരുന്നു പ്രധാന പ്രശ്നം. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ബീജമെത്തിക്കുകയും അവ പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ അവയെല്ലാം പരാജയത്തിലേക്ക് മാറുകയായിരുന്നു.

അവിടെയും തളരാതെ തീവൃശ്രമം തുടര്‍ന്നു കൊണ്ടിരിന്നു. തെങ്ങിന് പറ്റിയ ബീജത്തിനായി രാജ്യാതിര്‍ത്തി വിട്ടും അന്വേഷണം തുടര്‍ന്നു. അങ്ങനെയാണ് ശാസ്ത്രജ്ഞര്‍ തായ്‍ലന്‍ഡിലെ നോങ് നൂച് ട്രോപിക്കല്‍ ഗാഡനില്‍ ചെന്നെത്തിയത്. അവിടെ നിന്നും പരാഗ രേണുക്കള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഹൈ-സ്പീഡ് തപാല്‍ വഴി നാട്ടിലെത്തിക്കുകയും അവസാന ശ്രമമെന്ന തരത്തില്‍ 119വയസുകാരിയില്‍ പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചികിത്സ ഒടുവില്‍ ഫലിക്കുകയായിരുന്നു. പ്രാസ്‍ലി‍ന്‍, ക്യുരിയോസ് എന്നീ രണ്ട് ദ്വീപുകളിലാണ് ഇപ്പോള്‍ ഈ തെങ്ങ് ഉള്ളത്. കടലിനോടടുത്ത പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ തെങ്ങിനെ പതിനേഴാം നൂറ്റാണ്ടിലാണ് ഗവേഷകര്‍ കണ്ടെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :