ദുരന്തം മുതലെടുത്ത് എഐഎഡിഎംകെ; ഭക്ഷണപ്പൊതികളിലും ബസുകളിലും ജയലളിതയുടെ ചിത്രം

ചെന്നൈ, മഴ, പ്രളയം, തമിഴ്നാട്
ചെന്നൈ| ജിബിന്‍ ജോര്‍ജ്| Last Updated: ഞായര്‍, 6 ഡിസം‌ബര്‍ 2015 (15:15 IST)
രാഷ്‌ട്രീയ കോമാളിത്തരത്തിന് ഒട്ടും കുറവില്ലാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. പത്രമാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വലിയ ശബ്‌ദമില്ലാത്ത ഇന്ത്യയിലെ മറ്റൊരു സംസ്ഥാനം. എന്നാല്‍, അപ്രതീക്ഷിതമായി വിരുന്നെത്തിയ മഴയും അതിനൊപ്പമെത്തിയ വെള്ളപ്പൊക്കവും ഭരണസിരാകേന്ദ്രമായ ചെന്നൈയ്‌ക്ക് സമ്മാനിച്ചത് ദുരന്തങ്ങളുടെ പേമാരിയാണ്.

പ്രളയം വിഴുങ്ങിയ ചെന്നൈയിലെ ദയനീയ മുഖങ്ങള്‍ക്ക് സഹായഹസ്‌തം നീട്ടി സന്നദ്ധ സംഘടനകളും വ്യക്തികളും രംഗത്തുണ്ട്. ഇവര്‍ നല്‍കുന്ന ഭക്ഷണ പൊതികളെയും അവശ്യവസ്തുക്കളെയും ആശ്രയിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്.

അതേസമയം, തമിഴ്‌നാട്ടില്‍ നൂറ് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തം മുതലെടുക്കുകയാണ് എ ഐ എ ഡി എം കെ സര്‍ക്കാര്‍. 2004ല്‍ ഉണ്ടായ സുനാമി തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ മാത്രമാണ് നാശം വിതച്ചതെങ്കില്‍, ഇന്നത്തെ അവസ്‌ഥ വിപരീതമാണ്. തീരദേശജില്ലകളെ പൂര്‍ണമായും ഈ മഴയും വെള്ളപ്പൊക്കവും ബാധിച്ചു.

അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തില്‍, വീമ്പ് പറച്ചിലിന് ഒട്ടും കുറവില്ലാത്ത സര്‍ക്കാര്‍, പകച്ചു പോയി എന്നതാണ് സത്യം. എന്നാല്‍, അങ്കലാപ്പ് ഒട്ടുമില്ലാതെ സന്നദ്ധ സംഘടനകളും വ്യക്തികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി രംഗത്തിറങ്ങിയതോടെ ചെന്നൈ ജീവന്‍ തിരിച്ചു പിടിക്കുകയായിരുന്നു. അതേസമയം, ദുരിതാശ്വാസ സഹായം എത്തിച്ചതിലും രാഷ്‌ട്രീയലാഭം ഉണ്ടാക്കാനായിരുന്നു ജയലളിത സര്‍ക്കാര്‍ ശ്രമിച്ചത്.

പ്രളയദുരന്തത്തില്‍ മുങ്ങിയ ചെന്നൈയിലേക്ക് കൂട്ടായ്മകളും സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കുന്ന ഭക്ഷണ പൊതികളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിക്കുന്ന സംഭവമാണ് ഏറ്റവും പ്രധാനം. മിക്കയിടങ്ങളിലും ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണ പൊതികളും വെള്ളക്കുപ്പികളും എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പിടിച്ചെടുക്കുകയാണ്. ചില മേഖലകളില്‍ എങ്കിലും, അവര്‍ പറയുന്ന സ്ഥലങ്ങളില്‍ മാത്രമേ ഭക്ഷണപ്പൊതികളും തുണികള്‍ അടക്കമുള്ള വസ്‌തുക്കളും എത്തിക്കാന്‍ പാടുള്ളൂവെന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ചിലര്‍ പറഞ്ഞത്.

എ ഐ എ ഡി എം കെ അവിടെയെത്തിക്കുന്ന വസ്‌തുക്കളില്‍ ജയലളിതയുടെ ചിത്രം പതിക്കുകയാണ്. സ്‌റ്റിക്കര്‍ പതിക്കാനായി പിടിച്ചെടുക്കുന്ന ഭക്ഷണപൊതികള്‍ മണിക്കൂറുകളോളം എ ഐ എ ഡി എം കെ കേന്ദ്രങ്ങളില്‍ കെട്ടിക്കിടന്നതിനെ തുടര്‍ന്ന് പാഴായി പോയെന്നും റിപ്പോര്‍ട്ട്
ഉണ്ട്. തങ്ങള്‍ പറയുന്ന പ്രദേശങ്ങളില്‍ മാത്രമേ ഭക്ഷണപൊതികള്‍ വിതരണം ചെയ്യാന്‍ പാടുള്ളുവെന്ന നിബന്ധനയും എ ഐ എ ഡി എം കെ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നഗരത്തില്‍ വെള്ളം ഉയര്‍ന്ന സമയത്ത് ട്രെയിന്‍ ‍- വ്യോമ ഗതാഗതം താറുമാറായതിന് പിന്നാലെ ബസുകളും നിശ്ചലമായിരുന്നു. പേരുകേട്ട മെട്രോ നഗരത്തിലെത്തി പെട്ടുപോയവര്‍ക്ക് ഓട്ടോയെ ആശ്രയിക്കുകയല്ലാതെ വേറൊരു വഴിയുമില്ലായിരുന്നു. എന്നാല്‍ കുറഞ്ഞ കിലോമീറ്റര്‍ യാത്രയ്‌ക്കും 500 രൂപയോളം വാങ്ങിയ ഓട്ടോ സര്‍വ്വീസും ജനങ്ങളെ കൊല്ലാതെ കൊന്നു. ഈ സമയത്തും സര്‍ക്കാര്‍ നിശ്ചലമായിരുന്നു. അനാവശ്യ റൂട്ടുകളില്‍ ബസുകള്‍ കൂടുതലായി ഓടിച്ചും ആളുകള്‍ കാത്തിരിക്കുന്ന പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്താതെയും സര്‍ക്കാര്‍ ജനങ്ങളെ വീര്‍പ്പു മുട്ടിച്ചു.

ജനങ്ങള്‍ക്കിടയില്‍ സർക്കാരിനോടുള്ള അമർഷം ആളി പടർന്നതോടെയാണ് ശനിയാഴ്‌ച മുതല്‍ ചൊവ്വാഴ്‌ച വരെ സൌജന്യയാത്ര ബസുകളില്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, അവിടെയും എഐഎഡിഎംകെ മുതലെടുപ്പ് നടത്തുകയാണ്. എല്ലാ ബസുകളിലും ജയലളിതയുടെ ചിത്രം പതിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ വാഹനങ്ങളിലും ജയലളിതയുടെ ചിത്രമുണ്ട്.

ദുരന്തത്തില്‍ മുങ്ങിയ ചെന്നൈയില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സിനിമാ താരങ്ങളും, മതസാമുഹ്യ സംഘടനകളും, ഓര്‍ഗനൈസേഷനുകളും, വ്യക്തികളും ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍, എല്ലാം തങ്ങളാണ് ഒരുക്കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ്
എ ഐ എ ഡി
എം കെ ശ്രമിക്കുന്നത്.

കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെങ്കിലും എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആശുപത്രികളില്‍ വൈദ്യതിയും വെള്ളവും പുനസ്ഥാപിച്ചു വരുന്നതേയുള്ളൂ.

അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു തന്നെയാണ് ജനങ്ങളുടെ വിലയിരുത്തല്‍. ദുരന്തത്തില്‍ ജനങ്ങള്‍ മുമ്പില്ലാത്തവിധം ബുദ്ധിമുട്ടുമ്പോഴും വോട്ട് ബാങ്ക് നിലനിര്‍ത്താനുള്ള എ ഐ എ ഡി എം കെയുടെ നീക്കത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അമർഷം പുകയുകയാണ്. പ്രളയത്തില്‍ ഇതുവരെ 450 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :