ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 2 ജൂലൈ 2015 (16:35 IST)
മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമായി വിമാനം വൈകിപ്പിച്ചതില്‍ പ്രധാനമന്ത്രി വിശദീകരണം തേടി. സിവില്‍ വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും ഇതു സംബന്ധിച്ച വിശദീകരണ റിപ്പോര്‍ട്ട് നല്കണം.
കഴിഞ്ഞയിടെ ന്യൂയോര്‍ക്കിലേക്കു പോയ ഫട്‌നാവിസിനു വേണ്ടി എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂറോളം വൈകിപ്പിച്ചെന്നായിരുന്നു ആരോപണം. ഫട്‌നാവിസിനൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന സെക്രട്ടറി വിസ എടുക്കാന്‍ മറന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു തൊട്ടു പിന്നാലെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
വിമാനം വൈകിപ്പിച്ചതിനൊപ്പം കേന്ദ്രമന്ത്രിക്കു വേണ്ടി വിമാനത്തില്‍ നിന്ന് മൂന്നുപേരെ ഇറക്കിവിട്ടതും വിവാദമായി. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനു വേണ്ടിയാണ് ഒരു കുട്ടിയടക്കം
മൂന്നു പേരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം.
വാതിലുകള്‍ അടച്ച് ടേക്ക് ഓഫിന് തയ്യാറെടുത്ത വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഇറക്കി വിട്ടതെന്നാണ് ആരോപണം. ജമ്മു കശ്മീരിലെ ലേയില്‍ നിന്ന് ന്യൂഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ നിന്നാണ് മന്ത്രിക്കും പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും ഇരിപ്പിടം ഒരുക്കാന്‍ മൂന്നുപേരെ ഇറക്കി വിട്ടത്.
അതേസമയം, താന്‍ വിമാനം വൈകാന്‍ കാരണമായിട്ടില്ലെന്നാണ് കിരണ്‍ റിജിജുവിന്റെ വിശദീകരണം. രാവിലെ 11.40ന് പുറപ്പെടുന്ന വിമാനത്തില്‍ ഡല്‍ഹിക്കു പോകാമെന്ന് പറഞ്ഞ് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗാണ് തന്നെ ഒപ്പം കൂട്ടിയത്.
10.20ന് ലേ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിനേക്കാള്‍ നേരത്തേ പുറപ്പെടാന്‍ വിമാനം തയ്യാറെടുക്കുന്നത് കണ്ട് നിര്‍മല്‍ സിംഗ് വ്യോമയാനമന്ത്രിയെ വിളിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. താമസിയാതെ തങ്ങള്‍ക്ക് അതേ വിമാനത്തില്‍ സീറ്റു ലഭിക്കുകയും ചെയ്തു. ഇത്രയേ തനിക്ക് അറിയുകയുള്ളൂ എന്നാണ് മന്ത്രി റിജിജുവിന്റെ പക്ഷം.