ലക്നൗ|
സജിത്ത്|
Last Modified വെള്ളി, 8 ജൂലൈ 2016 (11:46 IST)
അപ്നാ ദൾ പാര്‍ട്ടി നേതാവായ അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ വന്‍ പൊട്ടിത്തെറി. കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തെ തുടര്‍ന്ന് ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കുന്നതായി അപ്നാ ദൾ നേതാവും അനുപ്രിയയുടെ അമ്മയുമായ
കൃഷ്ണ പട്ടേൽ അറിയിച്ചു. മോദി സർക്കാരിൽ ആരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകളാണ് അനുപ്രിയ കൈകാര്യം ചെയ്യുന്നത്.
ഏറെക്കാലമായി അമ്മയും മകളും തമ്മിൽ അധികാര തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുപ്രിയയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എന്നാല്‍ സഖ്യത്തിന്റെ മാന്യത ബിജെപി കാണിച്ചില്ലെന്നും അനുപ്രിയയുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ബിജെപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും ഇത് മുഖവിലയ്ക്കെടുക്കാൻ ബിജെപി നേതൃത്വം തയാറായില്ലെന്നും കൃഷ്ണ പട്ടേൽ കുറ്റപ്പെടുത്തി.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സ്വന്തം അമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവാണ് അനുപ്രിയ. അമ്മയും മകളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞവർഷം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അനുപ്രിയയെ അമ്മ പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്. എന്നാൽ, അനുപ്രിയയാണ് അപ്നാ ദളിന്റെ യഥാർഥ നേതാവെന്നാണ് അവരെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അനുപ്രിയ പട്ടേലിന്റെ പാർട്ടിയായ അപ്നാ ദൾ. അനുപ്രിയയുടെ അമ്മ കൃഷ്ണ പട്ടേലാണ് അപ്നാ ദൾ അധ്യക്ഷ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ അനുപ്രിയയെ മന്ത്രിയാക്കിയാൽ ബിജെപിക്ക് നൽകി വരുന്ന പിന്തുണ പിൻവലിക്കുമെന്ന് അടുത്തിടെ കൃഷ്ണ പട്ടേൽ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.