PRIYANKA|
Last Modified ശനി, 27 ഓഗസ്റ്റ് 2016 (11:31 IST)
ഗംഗാനദി വീട്ടുപടിക്കലെത്തിയതു ഭാഗ്യമാണെന്നു പറഞ്ഞ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരമാര്‍ശം വിവാദമാകുന്നു. ഫത്വയില്‍ പ്രളയ ബാധിതരെ സന്ദര്‍ശിക്കുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങളാണു പൊല്ലാപ്പിലായത്. ഗംഗയിലെ പുണ്യജയം കരകവിഞ്ഞു വീട്ടുമുറ്റത്തു തന്നെ ലഭ്യമാകുന്നത് അപൂര്‍വ്വ സൗഭാഗ്യമാണെന്നായിരുന്നു ലാലുവിന്റെ ഉപദേശം.
ബിജെപി ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വെള്ളം തുറന്നുവിട്ടതിനാലാണു ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ആരോഗ്യമന്ത്രിയും മകനുമായ തേജ് പ്രതാപിന് ഒപ്പമായിരുന്നു ലാലുവിന്റെ സന്ദര്‍ശനം. ഇതിനിടെ ഭരണപക്ഷത്തെ പ്രമുഖന്റെ വാക്കുകള്‍ വീണു കിട്ടിയ ആയുധമാക്കുകയാണു പ്രതിപക്ഷം.
നദികള്‍ കരകവിഞ്ഞു വീടും കൃഷിയും കന്നുകാലികളുമെല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനു ജനങ്ങളെ ലാലു പരിഹസിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി. ജനങ്ങളെ വിഡ്ഡികളാക്കാനാണു ലാലു ശ്രമിക്കുന്നതെന്നു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ ആരോപിച്ചു. ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ലാലു തമാശ പറയുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയും കുറ്റപ്പെടുത്തി.