ബീഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍

പട്‌ന| VISHNU N L| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (18:23 IST)
ബിഹാറിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചതോടെ ദേശീയ ചാനലുകൾ സർവേഫലങ്ങൾ പുറത്തുവിട്ടു തുടങ്ങി. ബിഹാറിൽ മോഡി പ്രഭാവത്തിന് മങ്ങലേറ്റു എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ബിഹാറിൽ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിച്ച മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സീ ന്യൂസിന്റെ സർവേഫലം പ്രകാരം മഹാസംഖ്യം അധികാരത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ടൈംസ് നൌ- സി വോട്ടര്‍ സര്‍വ്വേയും മഹാ സഖ്യം അധികാരത്തില്‍ വരുമെന്നു തന്നെയാണ് പറയുന്നത്.

മഹാസഖ്യം 122 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപി നയിക്കുന്ന എന്‍‌ഡി‌എ സഖ്യം 111 സീറ്റ് മാത്രമേ ലഭിക്കൂ. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ ഇരു കൂട്ടരും തമ്മില്‍ വലിയ അന്തരമില്ല എന്നത് ശ്രദ്ദേയമാണ്. മഹാസഖ്യം 42 ശതമാനം വോട്ട് നേടുമ്പോള്‍ എന്‍‌ഡി‌എ സഖ്യം 41 ശതമാനം വോട്ടു പിടിക്കും. അതേസമയം സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ 17 ശതമാനം വോട്ട് നേടി 10 സീറ്റുകളില്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

അതേസമയം ഇന്ത്യാ ടുഡേ- സിസെറൊ സര്‍വ്വേ എന്‍‌ഡി‌എയ്ക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. എന്‍‌ഡി‌എ 113-127 സീറ്റുകള്‍ നേടുമെന്നാണ്. മഹാസഖ്യം111-123 സീറ്റുകള്‍ വരെ നേടുമെന്നും. ഇന്ത്യ ടിവി - സീ വോട്ടര്‍ സവ്വേ പ്രകാരം എന്‍‌ഡി‌എ 101-121 സീറ്റും മഹാസഖ്യം 112-132 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ്.

എബിപി- നില്‍‌സണ്‍ സര്‍വ്വേ പ്രകാരം വിശാല സഖ്യത്തിന് 130 സീറ്റ് പ്രവചിക്കുന്നു. ന്യൂ എക്‌സ് സര്‍വെ പ്രകാരം മഹാസഖ്യം 130 മുതല്‍ 140 വരെ സീറ്റുകള്‍ നേടും. എന്‍.ഡി.എ സഖ്യം 90 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ന്യൂസ് നേഷന്‍ മഹസഖ്യം 120-124 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോള്‍ എന്‍.ഡി.എയ്ക്ക് 115-119 സീറ്റുകളും പ്രവചിക്കുന്നു.

243 അംഗ നിയമസഭയില്‍ അധികാരത്തിലെത്തണമെങ്കില്‍ 122 സീറ്റുകളെങ്കിലും വേണം. എന്നാല്‍ മികച്ച പോരാട്ടത്തിനൊടുവില്‍ എന്‍‌ഡി‌എ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് തന്നെയാണ് മിക്ക സര്‍വ്വേകളും പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ കടുത്ത മത്സരമായതിനാല്‍ തൂക്ക് നിയമസഭ പ്രവചിക്കുന്ന സര്‍വ്വേകളും ഉണ്ട്. 243 അംഗ സഭയിലേക്ക് അഞ്ച് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പ് ഇന്നാണ് അവസാനിച്ചത്. ഞായറാഴ്ച ഫലം പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :