ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

ബിസിസിഐ , ജഗ്‌മോഹന്‍ ഡാല്‍മിയ , ഇന്ത്യന്‍ ക്രിക്കറ്റ്  , ടീം ഇന്ത്യ
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (08:05 IST)
പ്രസിഡന്റും ഐസിസി മുന്‍ അധ്യക്ഷനുമായ ജഗ്‌മോഹന്‍ ഡാല്‍മിയ (75) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണു ഡാല്‍മിയ അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച കൊല്‍ക്കത്ത ബിഎം ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഞായറാഴ്‌ച ആശുപത്രി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും വൈകിട്ട് ആരോഗ്യനില മോശമായി മരണം സംഭവിക്കുകയായിരുന്നു.

മാര്‍ച്ചിലാണു മൂന്നാം തവണ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എന്‍ ശ്രീനിവാസനു പകരമായിരുന്നു ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷനായത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ എന്‍ ശ്രീനിവസാന്റെ പകരക്കാരനായാണ് ഡാല്‍മിയ വീണ്ടും ബിസിസിഐ പ്രസിഡന്റായത്. അനാരോഗ്യത്തെത്തുടര്‍ന്ന് ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

1940ൽ കൊൽക്കത്തയിൽ ജനിച്ച ഡാൽമിയ സ്കോട്ടിഷ് ചർച്ച് കോളജിnലും കൊൽക്കത്ത സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ക്ളബ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം ക്രിക്കറ്റ് കരിയർ തുടങ്ങിയത്. പിന്നീട് അച്ഛന്റെ കെട്ടിടനിർമാണ ബിസിനസിലെത്തി. കുടുംബ ബിസിനസില്‍ ശ്രദ്ധ വച്ച ഡാല്‍മിയ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കെട്ടിട നിര്‍മാണ ഗ്രൂപ്പിന്റെ മേധാവി കൂടിയായിരുന്നു.

1979 ൽ ബിസിസിഐ അംഗമായ ഡാൽമിയ 1983 ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ബിസിസിഐയുടെ ട്രഷററായിരുന്നു. 1987, 96 വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ലോകകപ്പുകളുടെ സംഘാടനത്തിലെ പ്രധാന അണിയറശിൽപ്പിയായിരുന്നു അദ്ദേഹം. 2001 മുതൽ മൂന്നു വട്ടം ബിസിസിഐ പ്രസിഡന്റും 1997 മുതൽ മൂന്നു വർഷം ഐസിസി പ്രസിഡന്റുമായിരുന്നു

2005 ൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ബിസിസിഐയിൽനിന്നു പുറത്താക്കപ്പെട്ട ഡാൽമിയ 2015 ൽ വീണ്ടും പ്രസിഡന്റായി തിരിച്ചെത്തി. അനാരോഗ്യത്തെത്തുടർന്ന് കുറച്ചുനാളായി ബിസിസിഐയുടെ ദൈനംദിനഭരണകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

2013ല്‍ ഐപിഎല്‍ ഒത്തുകളിയെത്തുടര്‍ന്നുണ്ടായ സുപ്രീംകോടതി പരാമര്‍ശത്തെത്തുടര്‍ന്ന് എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഡാല്‍മിയ ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റായത്. 2015 മാര്‍ച്ചില്‍ ഡാല്‍മിയ വീണ്ടും ബിസിസിഐ പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :