മുംബൈ|
jibin|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (08:13 IST)
ഹൃദയാഘാതത്തെ തുടർന്ന്
ബിസിസിഐ അധ്യക്ഷൻ ജഗ്‌മോഹൻ ഡാൽമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്ത ബിഎം ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ഗുരുതരമായ ഹൃദയാഘാതമാണു സംഭവിച്ചത്. ആശുപത്രിയിലെ അത്യാസന്നവിഭാഗത്തിലാണു ഡാല്‍മിയ ഇപ്പോഴുള്ളത്.
അടിയന്തര ശസ്ത്രക്രിയക്ക് ശേഷമുള്ള ഡാൽമിയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. നാലു ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്‌ച രാത്രി ഒൻപതിനു ശേഷമാണ് ഡാൽമിയയെ ആശുപത്രിയിൽ പ്രവേശിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലി, പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് എന്നിവർ ആശുപത്രിയിലെത്തി. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ മുതിർന്ന ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു. മോശം ആരോഗ്യത്തെത്തുടർന്ന് ഡാൽമിയയെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ബിസിസിഐയ്ക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയരുന്നുണ്ട്.