'ഐ ലവ്‌ കെജരിവാൾ' എന്ന് ഓട്ടോറിക്ഷയിലെഴുതി, ഡ്രൈവർക്ക് 10,000 രൂപ പിഴ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 28 ജനുവരി 2020 (19:53 IST)
ഡൽഹി: ഐ ലവ് കെജ്‌രിവാൾ എന്ന് ഓട്ടോറിക്ഷയുടെ പിറകിൽ എഴുതിയ ഡ്രൈവർക്ക് 10,000 രൂപ പിഴ ചുമത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ ഡൽഹി പൊലീസിനോടും സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി വിശദീകരണം തേടി. തനിക്കെതിരെ പിഴ ചുമത്തിയ നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവറാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്തിനാണ് പിഴ ചുമത്തിയത് എന്ന് അന്വേഷിക്കുന്നതിനായി സമയം അനുവദിക്കണം എന്ന് സർക്കാരും പൊലീസും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാൽ കമ്മീഷന്റെ വാദത്തെ ഓട്ടോ ഡ്രൈവറുടെ അഭിഭാഷകൻ എതിർത്തു. ഓട്ടോറിക്ഷയിൽ ഉള്ളത് രാഷ്ട്രീയ പരസ്യമല്ല. ഇനി രാഷ്ട്രീയ പരസ്യമാണെങ്കിൽ തന്നെ രാഷ്ട്രീയ പാർട്ടികളുടെ ചിലവിലല്ല പെറ്റീഷ്ണറുടെ സ്വന്തം ചിലവിലാണ് പരസ്യം സ്ഥാപിച്ചിരിയ്ക്കുന്നത്.

ഒരു വ്യക്തി സ്വന്തം പണം ഉപയോഗിച്ച് പരസ്യം ചെയ്യുന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ പറയുന്നില്ല. ഓട്ടോറിക്ഷകൾ ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ സൈഡുകളിലും പിറകിലും പരസ്യങ്ങൾ പതിയ്ക്കാം എന്ന് 2018ൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട് എന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസ് അടുത്ത വാദം കേൾക്കുന്ന മാർച്ച് മൂന്നിന് വിശദീകരണം നൽകാനാണ് കോടതി നിർദേശം നൽകിയിരിയ്ക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :