ന്യൂഡല്‍ഹി|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (12:41 IST)
പഞ്ചാബിലെ ജനങ്ങളെ അരവിന്ദ് കെജ്‌രിവാള്‍ വഴി തെറ്റിക്കുന്നുവെന്ന് ബി ജെ പി ഡല്‍ഹി നേതാവ് സതിഷ് ഉപാധ്യയ്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം പഞ്ചാബില്‍ എത്തിയിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ആയിരുന്നു കെജ്‌രിവാള്‍ പഞ്ചാബില്‍ എത്തിയത്.
തെരഞ്ഞെടുപ്പ് സീറ്റ് കച്ചവടത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സുച്‌ഛാ സിങ് ഛോട്ടേപൂര്‍ ഉയര്‍ത്തിയ ഭരണപ്രതിസന്ധി മറികടക്കാനായിരുന്നു കെജ്‌രിവാള്‍ പഞ്ചാബ് സന്ദര്‍ശിച്ചത്. കെജ്‌രിവാളിന്റെ ഈ പഞ്ചാബ് സന്ദര്‍ശനം ഉയര്‍ത്തി കാട്ടിയായിരുന്നു ബി ജെ പിയുടെ കുറ്റപ്പെടുത്തല്‍.
ഡല്‍ഹിയില്‍ ഇപ്പോള്‍ ഭരണപ്രതിസന്ധിയാണ്. ഈ സമയത്ത് പഞ്ചാബിലെ ജനങ്ങളെ കൂടി വഴി തെറ്റിക്കാനാണ് കെജ്‌രിവാള്‍ പഞ്ചാബില്‍ എത്തിയിരിക്കുന്നതെന്നും സതീഷ് ഉപാധ്യയ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു ബി ജെ പി നേതാവ് സതീഷ് ഉപാധ്യയ്, പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്‌ത, എം പി മീനാക്ഷി ലേഖി എന്നിവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.