ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 21 ഡിസംബര്‍ 2015 (16:40 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അളടക്കം അഞ്ചു ആംആദ്മി നേതാക്കള്‍ക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തു. പട്യാല ഹൗസ് കോടതിയില്‍ നേരിട്ടെത്തിയാണ് ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്തത്. പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവും ജെയ്റ്റ്‌ലിയോടൊപ്പം കോടതിയിലെത്തിയിരുന്നു. ജെയ്റ്റ്‌ലിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ദാര്‍ഥ് ലൂദ്രയാണ് ഹാജരായത്. ജനുവരി അഞ്ചിനു കോടതി വാദം കേള്‍ക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവർക്കെതിരെയാണ് കേസ്. 10 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഡൽഹി ഹൈകോടതിയിലാണ് കേസ് ഫയൽ ചെയ്തത്. രണ്ടു കോടതികളിലായി സിവിൽ, ക്രിമിനൽ വകുപ്പുകളിലാണ് കേസ് നൽകിയിരിക്കുന്നത്.
ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട് ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലാണ് നടപടി. തെറ്റായതും മാനക്കേടുണ്ടാക്കുന്നതുമായ ആരോപണങ്ങള്‍ തന്നെയും തന്റെ കുടുംബത്തെപ്പറ്റിയും ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാനനഷ്ടക്കേസ് നല്‍കുന്നതെന്ന് ജയ്റ്റ്ലി നേരത്തെ വ്യക്തമാക്കി. ഡിഡിസിഎ ക്രമക്കേടുകളില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
അതേസമയം, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കാന്‍ ബിജെപി എംപി കീര്‍ത്തി ആസാദ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ വെല്ലുവിളിച്ചു. ട്വിറ്ററിലൂടെയാണ് ആസാദ് വെല്ലുവിളി നടത്തിയത്. ‘മാനനഷ്ടക്കേസിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയത് എന്തിനാണ്. തനിക്കെതിരെയും കേസ് കൊടുക്കൂ. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും വായ് മൂടിക്കെട്ടിക്കാനും ശ്രമിക്കരുതെന്നും കീർത്തി ആസാദ് ട്വിറ്ററിൽ കുറിച്ചു.