ന്യൂഡല്‍ഹി|
VISHNU N L|
Last Modified ഞായര്‍, 26 ജൂലൈ 2015 (10:38 IST)
ഡല്‍ഹി പൊലീസുകാരെ അപമാനിക്കുന്ന തരത്തില്‍ മോശം പദപ്രയോഗം നടത്തിയതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പുപറഞ്ഞു. ഒരു ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കവേ മുഖ്യമന്ത്രി മാപ്പുപറഞ്ഞത്. അഴിമതിക്കാരായ പൊലീസുകാരെയാണ് ഈ പദപ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു കെജ്രിവാളിന്റെ ന്യായീകരണം.
പക്ഷെ അന്തസുള്ള ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്നും അവരോട് മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ദിവസവും നിരവധി പേര്‍ തന്നെ സമീപിക്കാറുണ്ടെന്നും അതിനാലാണ് അത്തരം വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനല്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്.
സമീപ ദിവസങ്ങളില്‍ നടന്ന പ്രശ്നങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസും സംസ്ഥാന സര്‍ക്കരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. പൊലീസ് അസ്ഥാനത്തേക്ക് എഎപി മാര്‍ച്ച് നടത്തുന്നതുവരെയെത്തി കാര്യങ്ങള്‍. ഈ സമയത്താണ് പൊലീസിനെ കുറ്റപ്പെടുത്തി കെജ്രിവാള്‍ രംഗത്ത് വന്നത്. കെജ്രിവാളിന്റെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പുപറയാന്‍ കെജ്രിവാള്‍ നിര്‍ബന്ധിതനായത്.
നിയമമന്ത്രിയായിരുന്ന ജിതേന്ദര്‍ സിംഗ് തോമറുടെ രാജിക്ക് സമ്മര്‍ദ്ദം ചെലുത്താഞ്ഞത് തനിക്ക് രാഷ്ട്രീയമായി സംഭവിച്ച പിഴവാണെന്നും കെജ്രിവാള്‍ സമ്മതിച്ചു. തന്റെ കൈയ്യില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലായിരുന്നെന്നും അതുകൊണ്ടാണ് ജിതേന്ദറിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്താഞ്ഞതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.