ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 25 നവംബര്‍ 2015 (15:18 IST)
അസഹിഷ്ണുതയെക്കുറിച്ചുള്ള ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാമര്‍ശത്തിന്റെ പേരില്‍ വെട്ടിലായത് അദ്ദേഹത്തേ ബ്രാന്‍ഡ് അംബാസിഡറാക്കിയ ഇ കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീലാണ്. സ്നാപ് ഡീലിനെതിരെ 'ആപ്പ് വാപസി' എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെ കാമ്പയിന്‍ പ്രചരിക്കുകയാണ്.
ആമിറിനെ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കില്‍ ആപ്പ് തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കാമ്പയിന്‍ പ്രചാരണത്തിന്റെ ലക്ഷ്യം, കൂടാതെ സ്നാപ് ഡീലിന്റെ ആപ്പിന് മോശം റേറ്റിംഗ് നല്‍കിയും പ്രതിഷേധം ചൂടുപിടിക്കുകയാണ്. കാമ്പയിന്റെ ഭാഗമായി ഒറ്റയടിക്ക് നിരവധി പേര്‍ സ്‌നാപ് ഡീല്‍ ആപ്പിന് ഏക സ്റ്റാര്‍ റേറ്റിങ്ങ് നല്‍കിയാണ് അനിഷ്ടം പ്രകടിപ്പിച്ചത്.
ടെലികോം കമ്പനികളുടെ സീറോ റേറ്റിങ് വിഷയത്തില്‍ അതിനെ പിന്തുണച്ച ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനോടുള്ള പ്രതിഷേധം നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണക്കുന്നവര്‍ രേഖപ്പെടുത്തിയത് ഫ്‌ലിപ്കാര്‍ട്ടിന്റെ ആപ്പിന് വണ്‍സ്റ്റാര്‍ റേറ്റിങ് നല്‍കിയാണ്. ഈ രീതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇതിനെ പ്രതിരോധിക്കാന്‍ ആമിറിനെ പിന്തുണയ്ക്കുന്നവര്‍ ആപ്പിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന കാമ്പയിന്‍ തുടങ്ങിയെങ്കിലും അത് ദുര്‍ബലമായിപ്പോയിരിക്കുകയാണ്. ആമിറിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍
സ്‌നാപ്ഡീലിനെ ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഒരു വ്യക്തി എന്ന നിലയില്‍ ആമിര്‍ ഖാന്‍ നടത്തിയ പ്രസ്താവനയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സ്‌നാപ്ഡീല്‍ വ്യക്തമാക്കി.