ന്യൂഡല്‍ഹി|
jibin|
Last Updated:
ഞായര്‍, 15 നവംബര്‍ 2015 (16:25 IST)
ബിജെപിയുടെയും സംഘപരിവാറിന്റെയും ഹിന്ദുത്വ അജണ്ടയ്‌ക്കും എതിരെ പരോക്ഷ വിമര്‍ശനവുമായി ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മത സാഹോദര്യത്തില്‍ വിശ്വസിക്കുന്നവരാണെന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് ഫലം തെളിയിച്ചു. ചില അസഹിഷ്ണുതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ അഹിംസയും അക്രമരാഹിത്യവും പുലരാൻ ഇഷ്‌ടപ്പെടുന്നവരുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ ജനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമാക്കിയത് ഇന്ത്യയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ്. മറ്റ് മതസ്ഥരെ അംഗീകരിക്കുന്നതോടൊപ്പം തന്നെ മത വിശ്വാസം ഇല്ലാത്തവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മതേതരത്വം. അന്താരാഷ്ട്ര സമൂഹത്തിൽ മത സഹിഷ്‌ണുതയുടെ നാടായി ഇന്ത്യ അറിയപ്പെടാനുള്ള കാരണവും ജനങ്ങളുടെ ഈ മനോഭാവമാണ്. മതസഹിഷ്‌ണുതയെന്നാൽ വ്യത്യസ്‌ത മതവിശ്വാസങ്ങളോട് സഹിഷ്‌ണുത പുലർത്തുകയെന്നത് മാത്രമല്ലെന്നും വ്യത്യസ്‌ത മതവിഭാഗങ്ങളിൽ പെട്ട മനുഷ്യർ പരസ്‌പരം സഹിഷ്‌ണുത പുലർത്തുകയെന്നതാണെന്നും
ദലൈ ലാമ പറഞ്ഞു.
ആദ്യം നമ്മൾ സമാധാനത്തിന്റേതായ അന്തരീക്ഷമുണ്ടാക്കണം. ഇതിനുള്ള ശ്രമം വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. ബുദ്ധമതം ഈ നാട്ടിൽ നിന്നാണ് ഉണ്ടായത്. ബുദ്ധമതം വിദ്യാർത്ഥിയും ഇന്ത്യ ഗുരുവുമാണെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു. ബഹുസ്വരതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ലോകത്തിനു തന്നെ മാതൃകയാണ്.