അനിവാര്യമായത് സംഭവിച്ചു, നിർഭയ കേസിൽ 4 പ്രതികളെയും തൂക്കിലേറ്റി

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (05:59 IST)
ഡൽഹി: രാജ്യത്തിന്റെ മനസാക്ഷിയെ മുറിവേൽപ്പിച്ച നിർഭയ കേസിൽ ഒടുവിൽ അനിവാര്യമായ വിധി നടപ്പിലാക്കി. കേസിലെ നാലു പ്രതികളെയും ഡൽഹി തീഹാർ ജയിലിൽ നിശ്ചയിച്ച സമയത്ത് തന്നെ തൂക്കിലേറ്റി. മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

വൈകിപ്പിക്കുന്നതിനായി അവസാന നിമിഷം വരെ പ്രതികൾ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കണാം എന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പ്രതികളുടെ അഭിഭാധഷകൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു എന്നാൽ ഇതൊന്നും ഫലം കണ്ടില്ല,

ഹർജി സുപ്രീം കോടതി തള്ളിയ കാര്യം പ്രതികളെ പുലർച്ചെ നാലുമണിയോടെ അറിയിച്ചു. തുടർന്ന് ആരോഗ്യ പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു. വിധി നടപ്പിലാക്കമ്പോൾ നിർഭയയുടെ മാതാപിതാക്കൾ സുപ്രീം കോടതിയുടെ പരിസരത്ത് ഉണ്ടായിരുന്നു. കോവിഡ് 19നെ തുടർന്ന് വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും നിരവധിപേരാണ് തീഹാർ ജെയിലിന് സമീപത്ത് തടിച്ചുകൂടിയിരിക്കുന്നത്.

വധശിക്ഷ റദ്ദാക്കണം എന്ന് അവശ്യപ്പെട്ട് പ്രതികളായ അക്ഷയ് സിങ് പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. കുടുംബ കോടതിയിലെയും അന്താരാഷ്ട്ര കോടതിയിലെയും കേസുകൾ പ്രസക്തമല്ല എന്ന് നിരീക്ഷിച്ച ഡൽഹി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഇതോടെ പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച പുലർച്ചെ 5.30 ന് തന്നെ നടപ്പിലാക്കും എന്ന് തീഹാർ ജെയിൽ അധികൃതർ വ്യക്തമാക്കുകയും ചെയ്തു.

പ്രതികൾ ഒരോരുത്തരായി തിരുത്തൽ ഹർജികളും ദയാഹർജികളും നൽകിയതാണ് വധശിക്ഷ നടപ്പിലാകുന്നത് വൈകാൻ കാരണം. മുൻപ് മൂന്ന് തവണ മരണ വാറണ്ട് പുറപ്പെടുവിച്ചുവെങ്കിലും പ്രതികൾ ദയാഹർജികൾ നൽകിയതോടെ വിധി നടപ്പിലാക്കുന്നത് നീളുകയായിരുന്നു. നിയമത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ മനപ്പൂർവം ശ്രമിക്കുന്നതിൽ കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു.

2012 ഡിസംബർ 16നാണ് ഓടുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിന് ഇരയായായത്. തുടർന്ന് ചികിത്സയിലായിരിക്കെ ഡിസംബർ 29ന് യുവതി മരണപ്പെടുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രതികൾ. മുഖ്യ പ്രതി റാം സിങ് തീഹാർ ജെയിലിൽവച്ച് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 3 വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :