വെള്ളാപ്പള്ളി സ്റ്റൈലില്‍ ലാലു; മോഡിക്കും രക്ഷയില്ല!

ലാലു, മോഡി, വെള്ളാപ്പള്ളി, വി എസ്, സുധീരന്‍
പട്ന| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (15:35 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ ഇരുമുന്നണികളിലെയും നേതാക്കളെ വിശേഷണങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുന്ന കാലമാണ് ഇപ്പോള്‍. സാക്ഷാല്‍ വി എസിനെ ശിഖണ്ഡിയോടും പിണറായി വിജയനെ അര്‍ജ്ജുനനോടും ഉപമിച്ചപ്പോള്‍ സുധീരനെ ‘നികൃഷ്ടജീവി’ എന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കേരളരാഷ്ട്രീയം ഇങ്ങനെയെങ്കില്‍ കേന്ദ്രത്തിലും സമാനമായ സ്ഥിതിയാണ്. അവിടെ വെള്ളാപ്പള്ളിക്ക് പകരം ലാലു പ്രസാദ് യാദവ് ആണെന്നുമാത്രം.

ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ നരഭോജി എന്ന് വിശേഷിപ്പിച്ച് വിവാദം സൃഷ്ടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇപ്പോള്‍ ധൃതരാഷ്ട്രരോട് ഉപമിച്ചിരിക്കുകയാണ് ലാലു. ‘മഹാഭീരുവായ ധൃതരാഷ്ട്രര്‍’ എന്നാണ് മോഡിയെക്കുറിച്ച് ലാലുവിന്‍റെ അഭിപ്രായം.

അന്ധനായിരുന്നു ധൃതരാഷ്ട്രരെങ്കില്‍ മോഡി ബധിരനും മൂകനും കൂടിയാണ്. ധൃതരാഷ്ട്രര്‍ മഹാഭീരുവുമായിരുന്നു. ഇടയ്ക്കിടക്ക് ഉച്ചത്തില്‍ അലറി വിളിക്കുന്ന ധൃതരാഷ്ട്രര്‍ അതാവശ്യ സമയത്ത് മൗനവ്രതത്തിലായിരിക്കുമെന്നും മോഡിയും അതുപോലെയാണെന്നും ലാലു പറയുന്നു.

ബി ജെ പി നേതാക്കള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പുറത്തുനിന്നുള്ളവരെ സംസ്ഥാനം ഭരിക്കാന്‍ ബിഹാറിലെ ജനങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ലാലുവിന് അറിയാവുന്നതുപോലെ ബിഹാറിനെ മറ്റാര്‍ക്കാണ് അറിയുക? - ലാലു ചോദിക്കുന്നു.

പുരാണത്തിലെ വിഷസര്‍പ്പമായ കാളിയനായി നേരത്തേ മോഡിയെ ലാലു വിശേഷിപ്പിച്ചിരുന്നു. സ്വന്തം വിഷം ഗുജറാത്ത് മുഴുവന്‍ ചീറ്റിയ ശേഷം ഇപ്പോള്‍ മോഡി ബീഹാറിലേക്ക് വന്നിരിക്കുകയാണെന്നും ലാലു പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :