BIJU|
Last Modified വെള്ളി, 10 നവംബര്‍ 2017 (20:31 IST)
ഓരോ സിനിമയ്ക്കും ഓരോ വിധിയാണ്. ചിലവ സൂപ്പര്‍ഹിറ്റാകുന്നു. ചിലവ പരാജയപ്പെടുന്നു. ഇനി ചില സിനിമകളോ? ഷൂട്ടിംഗ് ഘട്ടത്തിലേ മുടങ്ങിപ്പോകുന്നു. ചില ചിത്രങ്ങള്‍ എല്ലാ ജോലികളും പൂര്‍ത്തിയാകുകയും റിലീസ് ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു.
1992ല്‍ മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ ആലോചിച്ച സിനിമയാണ് ആസ്ട്രേലിയ. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ഈ ത്രില്ലര്‍ നിര്‍മ്മിച്ചത് രേവതി കലാമന്ദിറിന്‍റെ ബാനറില്‍ മേനക സുരേഷ്കുമാറാണ്. ചിത്രീകരണം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഈ സിനിമ മുടങ്ങിപ്പോകുകയായിരുനു.
എ കെ സാജന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശങ്കര്‍, രമ്യ കൃഷ്ണന്‍, ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. ജെ വില്യംസായിരുന്നു ക്യാമറ.
ഫോര്‍മുല വണ്‍ കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്ന രാഹുല്‍ എന്ന ചെറുപ്പക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. കാര്‍ റേസിംഗ് പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലറായിരുന്നു എല്ലാവരുടെയും മനസില്‍. പക്ഷേ ചിത്രീകരണത്തിനിടെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ബജറ്റ് കൈയില്‍ നില്‍ക്കാതെ വരുകയും ചെയ്തതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ഇതേ ടീം ‘ബട്ടര്‍ഫ്ലൈസ്’ എന്ന കോമഡി ത്രില്ലര്‍ ചെയ്തു. ആ സിനിമയുടെ ടൈറ്റില്‍ സോംഗില്‍ ആസ്ട്രേലിയയ്ക്ക് വേണ്ടി ചിത്രീകരിച്ച ചില രംഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.