മമ്മൂട്ടിച്ചിത്രം ‘മാടമ്പി’, സംവിധാനം ഷാജി കൈലാസ് !

സുബിന്‍ ജോഷി| Last Modified ചൊവ്വ, 5 ജനുവരി 2021 (21:33 IST)
വല്യേട്ടന്‍ എന്ന സിനിമ സംഭവിച്ചതിന് പിന്നില്‍ ഒരുപാട് ആലോചനകളുടെ ഒരു ചരിത്രമുണ്ട്. അമ്പലക്കര ഫിലിംസിനുവേണ്ടി ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയെ പട്ടാളക്കാരനാക്കാമെന്നായിരുന്നു ഷാജി കൈലാസിന്‍റെ ആദ്യ ആലോചന. പ്രിയദര്‍ശന്‍ ‘മേഘ’ത്തില്‍ മമ്മൂട്ടിയെ കേണലാക്കിയതോടെ ആ ചിന്ത ഉപേക്ഷിച്ചു.

പിന്നീട് നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു കഥ ആലോചിച്ചു. എന്നാല്‍ ആ കഥയും എങ്ങും എത്തിയില്ല. ഒടുവില്‍ ഷാജി കൈലാസിനോട് രഞ്ജിത് പറഞ്ഞു. ഒരു നാടന്‍ കഥ ആലോചിക്കാം. തന്‍റെ സഹോദരങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന ഒരു വല്യേട്ടന്‍റെ കഥ. ആ ത്രെഡ് ഷാജിക്ക് ഇഷ്‌ടമായി.

‘മാടമ്പി’ എന്ന് ചിത്രത്തിന് പേരിട്ടു. ചിത്രീകരണം പുരോഗമിക്കവേ, കുടുംബപ്രേക്ഷകര്‍ക്ക് കുറച്ചുകൂടി ഇഷ്ടമാകുന്ന പേരുവേണമെന്ന് ഷാജിക്കും രഞ്ജിത്തിനും തോന്നി. അങ്ങനെ പടത്തിന് ‘വല്യേട്ടന്‍’ എന്ന് പേരുനല്‍കി.

ഷാജി കൈലാസിന്‍റെ പ്രതീക്ഷപോലെ യുവാക്കള്‍ക്കൊപ്പം കുടുംബപ്രേക്ഷകരും വല്യേട്ടന്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് കഥാപാത്രങ്ങളില്‍ ഒന്നായി അറയ്‌ക്കല്‍ മാധവനുണ്ണി മാറുകയും ചെയ്‌തു.

‘മാടമ്പി’ എന്ന ടൈറ്റില്‍ പിന്നീട് ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി എടുത്ത സിനിമയ്ക്ക് നല്‍കി. ആ ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :