വലിയ കഥാകൃത്ത് ഞാന്‍ തന്നെ: പത്മനാഭന്‍

വടക്കാഞ്ചേരി| WEBDUNIA|
PRO
PRO
പലരും കഥയെഴുതുന്നുണ്ട് എങ്കിലും മലയാളത്തിലെ ഏറ്റവും വലിയ കഥാകൃത്ത് താന്‍ തന്നെ എന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍. പത്മനാഭനെ പറ്റി വ്യാസാ എന്‍‌എസ്‌എസ് കൊളേജിലെ അധ്യാപിക ഡോക്‌ടര്‍ പി സരസ്വതി എഴുതിയ 'പത്മനാഭോ അമരപ്രഭു' എന്ന നിരൂപണ ഗ്രന്ഥം പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ വച്ചാണ് പത്മനാഭന്‍ ഇങ്ങിനെ പറഞ്ഞത്. തന്റെ കഥാശൈലിക്കൊരു കുഴപ്പവും ഇല്ലെന്നും അതുമാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന്‍ ഇപ്പോഴും ഞാന്‍ തന്നെയാണെന്നാണ്‌ കരുതുന്നത്‌. എനിക്ക് വയസ്‌ എണ്‍‌പത് കഴിഞ്ഞു. അറുപത് വര്‍ഷമായി കഥയെഴുത്ത്‌ തുടങ്ങിയിട്ട്‌. കഥകള്‍ 170 എണ്ണം തികഞ്ഞിട്ടില്ല. എണ്ണം തികയ്ക്കാന്‍ വേണ്ടി എഴുതാന്‍ ഇതുവരെ തോന്നിയിട്ടില്ല. എന്നാല്‍ എന്റെ കൊച്ചുമക്കളുടെ പ്രായമുള്ളവരുടെ കഥകള്‍ ആയിരം കവിഞ്ഞു. കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ആളില്ലാഞ്ഞിട്ടല്ല. വേണ്ടാ എന്നേ തോന്നിയിട്ടുള്ളൂ.”

“ഇന്ന് ആരെ ശത്രുവാക്കാമെന്നാണ്‌ ടി പത്മനാഭന്‍ ഓരോ ദിവസവും ചിന്തിക്കുന്നതെന്ന് നിരൂപകനായ ഡോക്‌ടര്‍ തോമസ്‌ മാത്യു ഒരിക്കല്‍ എഴുതിയിട്ടുണ്ട്‌. പക്ഷേ, ആരെന്തൊക്കെ പറഞ്ഞാലും ഞാനെന്റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അതുപോലെ തന്നെ ശൈലിയും മാറ്റില്ല. എന്റെ കഥാശൈലിക്കൊരു കുഴപ്പവും ഇല്ല. അതുമാറ്റാനൊട്ട് ആഗ്രഹിക്കുന്നുമില്ല”

“പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള അവലോകനം മാത്രമാണ്‌ 'പത്മനാഭോ അമരപ്രഭു' പുസ്തകത്തിലുള്ളത്‌. അല്ലാതെ എന്നെ പറ്റിയുള്ള പുകഴ്ത്തലുകള്‍ അല്ല. എന്നെപറ്റി ആരേയും കൊണ്ട്‌ എഴുതിക്കാറില്ല. പലരും എന്നെ പറ്റി എഴുതാമെന്നൊക്കെ പറഞ്ഞ് സമീപിക്കാറുണ്ട്. ഞാന്‍ അവരെ നിരുത്സാഹപ്പെടുത്തും. അതുപോലെ തന്നെ സ്വയം പുകഴ്ത്തല്‍ നടത്താന്‍ എനിക്ക് സ്വന്തമായി പ്രസിദ്ധീകരണവുമില്ല” - പത്മനാഭന്‍ പറഞ്ഞു.

ഡോ.എം. ലീലാവതി പുസ്തകം തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയ്ക്കു നല്‍കി പ്രകാശനം ചെയ്തു. ഡോ. എം. തോമസ്‌ മാത്യു, ഡോക്‌ടര്‍ പിവി കൃഷ്ണന്‍നായര്‍, വ്യാസ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോക്‌ടര്‍ ശ്രീകുമാര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, ടിവി ചന്ദ്രമോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :