WEBDUNIA|
Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:36 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. യുഡിഎഫില്‍ രണ്ട് സീറ്റുകളിലാണ് ലീഗ് മത്സരിക്കുക, മലപ്പുറവും പൊന്നാനിയും. മൂന്നാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും യുഡിഎഫ് നേതൃത്വം തള്ളി. സിറ്റിങ് എംപിമാര്‍ പരസ്പരം സീറ്റു വച്ചുമാറിയാണ് ലീഗിനായി മത്സരിക്കുക. മലപ്പുറം സിറ്റിങ് എംപി അബ്ദുസമദ് സമദാനി പൊന്നാനിയില്‍ മത്സരിക്കും. പൊന്നാനി സിറ്റിങ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ ആയിരിക്കും മലപ്പുറത്ത് ജനവിധി തേടുക.
2009 മുതല്‍ തുടര്‍ച്ചയായി മൂന്ന് ടേം പൊന്നാനിയെ പ്രതിനിധീകരിച്ച ലോക്‌സഭാംഗമാണ് ഇ.ടി.മുഹമ്മദ് ബഷീര്‍. 2019 ല്‍ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നിട്ടും ഇ.ടി. പൊന്നാനി ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ലീഗ് അണികളുടെ മനസ്സിലുണ്ട്. 2021 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1,14,692 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.പി.അബ്ദുസമദ് സമദാനി മലപ്പുറത്ത് ജയിച്ചത്. വീണ്ടും മലപ്പുറത്ത് തന്നെ മത്സരിക്കാനാണ് സമദാനി ആഗ്രഹിച്ചത്. എന്നാല്‍ ഇ.ടി. മലപ്പുറം ആവശ്യപ്പെട്ടതോടെ സമദാനിക്ക് പൊന്നാനിയിലേക്ക് മാറേണ്ടി വന്നു.