Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (14:15 IST)
കേരളത്തില്‍ മല്‍സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാനെന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനൈക്യത്തിന്റെ സന്ദേശം കൊടുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി തന്റെ പ്രചരണത്തിനിടയില്‍ സിപിഐഎമ്മിനെതിരെ ഒരു വാക്ക് പോലും പറയുകയില്ലെന്നും അറിയിച്ചു. താന്‍ മല്‍സരിക്കുന്നത് നരേന്ദ്ര മോദിക്കും ആര്‍എസ്എസ് സംഘപരിവാര്‍ ആശയങ്ങള്‍ക്കും എതിരായാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.
ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ഭാഷയും സംസ്‌കാരവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ഒറ്റ ഇന്ത്യയെന്ന സന്ദേശം ഉയര്‍ത്തിക്കാണിക്കാനാണ് തന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വും. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇടയില്‍ രാഷ്ട്രീയ സൗഹൃദ മല്‍സരം മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും രാഹുല്‍ വ്യക്തമാക്കി.
തന്റെ സിപിഐഎം സുഹൃത്തുക്കള്‍ക്കും മറ്റും താന്‍ ഇവിടെ മല്‍സരിക്കുന്നതില്‍ അതൃപ്തിയുണ്ട്, എന്നാല്‍ സിപിഐഎമ്മിനെതിരെയല്ല തന്റെ മല്‍സരമെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ ഒറ്റ രാജ്യമെന്ന സന്ദേശം നല്‍കാനാണ് കേരളത്തില്‍ മല്‍സരിക്കുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു. തനിക്കെതിരെ മത്സരിക്കുന്ന സിപിഐഎം നേതാക്കൾ വ്യക്തിപരമായി ഉയർത്തിയ വിമർശനങ്ങൾക്കു മറുപടിയായായിരുന്നു രാഹുലിന്റെ വാക്കുകൾ.
രാജ്യത്തിന്റെ സാംസ്‌കാരത്തിന് മേല്‍ ആക്രമണമുണ്ടാകുന്നുവെന്ന് ജനങ്ങള്‍ കരുതുന്നുണ്ട്. ഭരണകൂടസംവിധാനങ്ങളേയും സ്ഥാപനങ്ങളേയും നരേന്ദ്ര മോദിയും ആര്‍എസ്എസും ആക്രമിക്കുന്നുണ്ട്. ഇതിനെതിരായി ഒരു സന്ദേശം നല്‍കാനാണ് ഞാന്‍ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത്. ഈ രാജ്യം വൈവിധ്യം നിറഞ്ഞതാണ്, വ്യത്യസ്ത ഭാഷകളുടെ നാടാണ്. വ്യത്യസ്ത ചിന്താഗതികളുടെ നാടാണ്. തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവുമാണ് പ്രധാന പ്രശ്‌നങ്ങൾ. കര്‍ഷകരുടെ കാര്യത്തിലും തൊഴിലിന്റെ കാര്യത്തിലും നരേന്ദ്ര മോദി പരാജയമാണെന്നും രാഹുൽ വ്യക്തമാക്കി.
എന്താണ് നരേന്ദ്ര മോദി പറയുന്നതെന്നതും എന്താണ് യോഗി പറയുന്നതെന്നതും എന്റെ വിഷയമല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.