Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (11:04 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം മണ്ഡലമായി വയനാട് തെരഞ്ഞെടുത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് കഴിഞ്ഞ പതിനഞ്ച് വർഷക്കാലം രാഹുൽ ഗാന്ധി അധികാരസ്ഥാനം ആസ്വദിച്ചതെന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ അദ്ദേഹം മറ്റൊരിടത്ത് പത്രിക നൽകാൻ പോകുന്നുവെന്ന് വയനാടിനെ ഉദ്ദേശിച്ച് സ്മൃതി ഇറാനി പറഞ്ഞു. ഇത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിനോട് അമേഠിയിലെ ജനങ്ങൾ പൊറുക്കില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനുള്ള തീരുമാനത്തെ അമേഠിയിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് ബിജെപി വിമർശിച്ചത്. സ്മൃതി ഇറാനിക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നായിരുന്നു മോദിയുടെ വിമർശനം.