മീററ്റ്|
Last Modified വ്യാഴം, 28 മാര്‍ച്ച് 2019 (18:19 IST)
ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് എല്ലാവരെയും അറിയിക്കുമെന്നും എന്നാല്‍ തന്‍റെ എതിരാളികള്‍ എന്തൊക്കെ ചെയ്തുവെന്ന് അവരില്‍ നിന്നുതന്നെ അറിയാന്‍ താല്‍പര്യമുണ്ടെന്നും മോദി വ്യക്തമാക്കി.
പടിഞ്ഞാറന്‍ യുപിയില്‍ ബി ജെ പിയുടെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീരുമാനമെടുക്കാന്‍ കഴിവുള്ള സര്‍ക്കാരും അതിനു കഴിവില്ലാതിരുന്ന ഭൂതകാലവും തമ്മിലാണ് ഇപ്പോള്‍ മല്‍സരമെന്ന് മോദി പറഞ്ഞു.
ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താന്‍ എന്‍ ഡി എ സര്‍ക്കാര്‍ ധൈര്യം കാണിച്ചു. കരുത്തനായ കാവല്‍ക്കാരനാണ് ഒരു ഭാഗത്തെങ്കില്‍ മറുഭാഗത്ത് കളങ്കിതരുടെ നീണ്ടനിരയാണെന്നും മോദി ആക്ഷേപിച്ചു.
പ്രതിപക്ഷ കക്ഷികളെ മദ്യമെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി ഈ വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.