തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (15:35 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ തെളിവുകളില്ലെന്നും സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്നുമുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരണത്തിന് മുറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചു. ബാബുവിനെതിരെ നടക്കുന്ന അന്വേഷണം സുതാര്യമാണ്. തെളിവുകളും അന്വേഷണ വിവരങ്ങളും കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കും. ഇത് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ലഭ്യമായ തെളിവുകളും രേഖകളും കോടതിയില്‍ ഹാജരാക്കും. മൂന്നുമാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. അപ്പോള്‍ ബോധ്യമാകും ബാബുവിനെതിരെ തെളിവുണ്ടോ എന്ന കാര്യത്തിലുള്ള സംശയങ്ങള്‍ക്ക് അവസാനമുണ്ടാകും. കണ്ടെത്തിയ തെളിവുകളിലും രേഖകളിലും വിവിധ പരിശോധനകള്‍ നടത്തിയെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ ബാബുവിനെതിരെ തെളിവുകളില്ലെന്നും സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്നും ഞായറാഴ്‌ച വിഎം സുധീരന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്.