ജിഷ വധം: പല്ലിന് വിടവുള്ളയാള്‍ കൊല നടത്തി എന്നത് തെറ്റായ നിഗമനം, കുളിക്കടവിലെ തര്‍ക്കം കെട്ടുകഥ; അമീര്‍ ലൈംഗികവൈകൃതമുള്ളയാളെന്നും പൊലീസ്

ജിഷയെ അമീര്‍ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്, മൃതദേഹത്തില്‍ കണ്ടെത്തിയ മദ്യം ആമീര്‍ ഒഴിച്ചുകൊടുത്തത്

Jisha, Jisha Case, Police, Amir Ul Islam, Perumbavoor, Jisha Case, Jisha Murder, Rape, ജിഷ, അമീര്‍, അമീര്‍ ഉള്‍ ഇസ്ലാം, പൊലീസ്, പെരുമ്പാവൂര്‍, കൊലപാതകം, ജിഷ കേസ്, ജിഷ വധം, ജിഷയുടെ മരണം, മാനഭംഗം, ബലാത്സംഗം
കൊച്ചി| Last Updated: ശനി, 17 സെപ്‌റ്റംബര്‍ 2016 (16:25 IST)
അസം സ്വദേശി അമീര്‍ ഉല്‍ ഇസ്ലാം ഒറ്റയ്ക്കാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഇയാള്‍ ലൈംഗികവൈകൃതമുള്ളയാളാണെന്നും പീഡനശ്രമം എതിര്‍ത്തതിനാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. റൂറല്‍ എസ് പി ഉണ്ണിരാജ വാര്‍ത്താസമ്മേളനം നടത്തിയാണ് അമീറിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങളും കൊലപാതകത്തിന്‍റെ രീതിയും തെളിവുകളും വ്യക്തമാക്കിയത്.

പല്ലിന് വിടവുള്ളയാളാണ് കൊലപാതകം നടത്തിയതെന്നത് തെറ്റായ നിഗമനമായിരുന്നു. വസ്ത്രം കൂട്ടിക്കടിച്ചപ്പോള്‍ ഉണ്ടായ പാടാണ് തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയത്. കൊലനടത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. കത്തിയില്‍ നിന്ന് ജിഷയുടെ ഡി എന്‍ എ കണ്ടെത്തി. ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ച ‘കുളിക്കടവിലെ തര്‍ക്കം’ വെറും കെട്ടുകഥയാണെന്നും ഉണ്ണിരാജ വ്യക്തമാക്കി.

കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അമീറിനെതിരെ കൊലപാതകം, ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍, തെളിവുനശിപ്പിക്കല്‍, പട്ടികജാതിക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 25 രേഖകള്‍, 195 സാക്ഷിമൊഴികള്‍, നാല് ഡി എന്‍ എ പരിശോധനാഫലങ്ങള്‍ എന്നിവയും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍ വിചാരണാഘട്ടം പൊലീസിന് വെല്ലുവിളിയായിരിക്കുമെന്ന് ഉണ്ണിരാജ വ്യക്തമാക്കി. സാക്ഷികളെ കോടതിയിലെത്തിക്കാനും കൃത്യമായി മൊഴി ഉറപ്പിക്കാനും കഴിയണം. കൊല നടന്ന ദിവസം ജിഷ വീട്ടില്‍ നിന്ന് അകലെ പോയിട്ടില്ല. വീട്ടിലെ ഭക്ഷണം തന്നെയാണ് ജിഷ കഴിച്ചത്. ജിഷയുടെ ശരീരത്തിനുള്ളില്‍ കണ്ടെത്തിയ മദ്യം ആമീര്‍ ഒഴിച്ചുകൊടുത്തതാണ്. മദ്യം ഒഴിച്ചുകൊടുത്തപ്പോള്‍ ജിഷ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു - എസ് പി പറഞ്ഞു.

കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രം അമീര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. തെളിവുനശിപ്പിച്ചതിന് പ്രത്യേകം കേസെടുത്തിട്ടുണ്ട്. മാനഭംഗത്തിന് ശേഷം ജിഷയുടെ സ്വകാര്യഭാഗങ്ങളില്‍ അമീര്‍ പരുക്കേല്‍പ്പിച്ചതായും റൂറല്‍ എസ് പി ഉണ്ണിരാജ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :