പാലക്കാട്|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (13:42 IST)
കോന്നി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ കാണാനിടയായതിന്‍റെ ഞെട്ടലിലാണ് കോന്നിയിലെ നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും. കോന്നി ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍ നായര്‍, തേക്കുതോട് പുത്തന്‍പറമ്പില്‍ വീട്ടില്‍ സുജാതയുടെ മകള്‍ എസ് രാജി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്യ കെ സുരേഷ് എന്ന പെണ്‍കുട്ടിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്നുപേരെയും കോന്നിയില്‍ നിന്നുകാണാതായത്. ഇവരെ ഈ ദുരന്തത്തിലേക്ക് നയിച്ചതിന്‍റെ കാരണമറിയാതെ കുഴങ്ങുകയാണ് പൊലീസും നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും. ഇവര്‍
ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. അങ്ങനെയെങ്കില്‍ എന്തുകാരണമായിരിക്കാം ജീവനൊടുക്കുന്നതിനായി ഇവരെ പ്രേരിപ്പിച്ചിരിക്കുക എന്നത് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇവരെ ട്രെയിന്‍ തട്ടിയ നിലയിലാണ് റയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ കൈവെള്ളയില്‍ ആതിര ആര്‍ നായര്‍, തിരുമല വീട്, ഐരവണ്‍, കോന്നി എന്നെഴുതിയിരുന്നു. സ്കൂളിലേക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് മൂന്നുപേരും. ഇവരില്‍ ആര്യ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.
മൂന്നുകുട്ടികളും കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരാണ്. ഇവര്‍ മാവേലിക്കരയില്‍ നിന്ന് ട്രെയിനില്‍ കയറിയതായി സൂചനകളുണ്ടായിരുന്നു. ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ അന്വേഷണം ദുഷ്‌കരമായി. കോന്നി സി ഐ സജിമോന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ തിരോധാനം അന്വേഷിച്ചുവരവേയാണ് മൃതദേഹങ്ങള്‍ റയില്‍വെ ട്രാക്കില്‍ കണ്ടെത്തിയിരിക്കുന്നത്.
മൂന്നുപെണ്‍കുട്ടികളും ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എങ്കില്‍ അതിനുപിന്നിലെ കാരണമെന്തെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതേസമയം, പരുക്കേറ്റ ആര്യ കെ സുരേഷ് അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.