രേണുക വേണു|
Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (10:27 IST)
തൃശൂരില്‍ മാത്രം വിതരണം ചെയ്യുന്ന ഭാരത് അരി നേരത്തെ റേഷന്‍ കടകളിലും സപ്ലൈകോയിലും വിതരണം ചെയ്തിരുന്നതാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ത്താണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ വിജയം ഉറപ്പിക്കാനാണ് ബിജെപി ഇത്തരം നാടകങ്ങള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്.
29 രൂപയ്ക്കാണ് തൃശൂരില്‍ ഭാരത് അരി വില്‍പ്പന നടത്തുന്നത്. 'ഭാരത് അരി എന്തുകൊണ്ട് തൃശൂരില്‍ മാത്രം?' എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. സംസ്ഥാന വിഹിതമായി കിട്ടേണ്ട അരിയുടെ അളവ് വെട്ടിക്കുറച്ചാണ് കേന്ദ്രം അരി വിതരണം നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്നും അതിനു വിപരീതമായാണ് ഭാരത് അരി വിതരണം നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.
ഇപ്പോള്‍ റേഷന്‍ കടയില്‍ കിട്ടുന്ന ചമ്പാ അരിയല്ല ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത്. മറിച്ച് സപ്ലൈകോയില്‍ കേരളം 24 രൂപയ്ക്ക് നല്‍കി വന്നിരുന്ന അരിയാണ് ഇത്. ചാക്കരി എന്നാണ് നാട്ടില്‍ പറയുന്നത്. നീല കാര്‍ഡ് ഉടമകള്‍ക്ക് നാല് രൂപയ്ക്കും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 രൂപ 90 പൈസയ്ക്കും റേഷന്‍ കടകളില്‍ വിതരണം ചെയ്തിരുന്ന അരിയും ഇത് തന്നെ. ഇപ്പോള്‍ ഭാരത് അരി എന്ന പേരില്‍ കേന്ദ്രം 29 രൂപയ്ക്കാണ് ഈ അരി വിതരണം ചെയ്യുന്നത്.