പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ തപ്പിനോക്കേണ്ട: രൂക്ഷവിമര്‍ശനവുമായി വി എസ്

മലപ്പുറത്ത് കോലീബി സഖ്യം പൊടിതട്ടിയെടുക്കാന്‍ ശ്രമമെന്ന് വിഎസ്

മലപ്പുറം| സജിത്ത്| Last Updated: ഞായര്‍, 19 മാര്‍ച്ച് 2017 (10:47 IST)
മുസ്ലിംലീഗിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം നേതാക്കള്‍ രംഗത്ത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂട് പിടിക്കവെയാണ് പരോക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് വിഎസ് പറഞ്ഞു.

നാലുവോട്ടിനും രണ്ട് സീറ്റിനുമായി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോണ്‍ഗ്രസുകാര്‍ ഈപ്പോള്‍ തപ്പിനോക്കിയിട്ട് കാ‍ര്യമില്ല. കോണ്‍ഗ്രസിന്റെ ആ പ്രതാപകാലം തിരിച്ചുവരാന്‍ കഴിയാത്തവണ്ണം തകര്‍ന്നു. പഴയ ‘കോലീബി’ സഖ്യം മലപ്പുറത്ത് വീണ്ടും പൊടിതട്ടിയെടുക്കാനുളള ശ്രമമാണെന്നും വി എസ് കൂട്ടിചേര്‍ത്തു.

ആര്‍എസ്എസ് നടത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് കോടിയേരി വിമര്‍ശിച്ചത്. ആര്‍എസ്എസിന് മുന്നില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുകയാണ്. തലയില്ലാത്ത കെപിസിസിയാണ് നിലവിലുളളതെന്നും കോടിയേരി പരിഹസിച്ചു. ഒരു പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവില്‍ കോണ്‍ഗ്രസിനെന്നും അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :