മുംബൈ|
jibin|
Last Updated:
വെള്ളി, 10 ജൂലൈ 2015 (11:14 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും വൈകിയാൽ ടെൻഡറിനെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്ന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. പത്തു ദിവസത്തിനകം സർക്കാർ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ കുളച്ചൽ പദ്ധതി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന വ്യക്തമായ സൂചന അദാനി ഗ്രൂപ്പ് അധികൃതർ സർക്കാരിനു നൽകി.
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതിനെത്തുടര്‍ന്ന് കുളച്ചൽ പദ്ധതി സംബന്ധിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ഗൗതം അദാനിയുടെ സഹോദരൻ രാജേഷ് അദാനി ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിഏറ്റെടുത്താന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് ജയ വാഗ്ദാനം ചെയ്യുകയും ചെയ്‌തു. കേരളസര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കുകയാണെന്നതും, ജയലളിതയ്‌ക്ക് അടുത്ത അഞ്ചുവര്‍ഷം കൂടി എതിർപ്പുണ്ടാകാൻ ഇടയില്ലെന്ന ധാരണയാണ് കുളച്ചൽ പദ്ധതി ഏറ്റെടുക്കുന്ന കാര്യം അദാനി ഗ്രൂപ്പ് വീണ്ടും ആലോചിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുപ്പമുള്ള അദാനിക്കു അനുവദിക്കുന്നതിനോടു കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു താൽപര്യമില്ലാത്തതാണു കാരണമെന്നു വാർത്തകൾ പ്രചരിച്ചിരിക്കുന്നതിനിടെയാണ് അദാനി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങൾ വൈകുന്നതിനു പിന്നിൽ ദുബായ് പോർട്ട് വേൾഡിന്റെ താൽപര്യമാണെന്ന സൂചനകളും അതിനിടെ പുറത്തുവരുന്നുണ്ട്. അദാനി ഗ്രൂപ്പുമായി അഭിപ്രായഭിന്നതയുള്ള ഡിപി വേൾഡിന്റെ പങ്കാളിത്തമുള്ള വല്ലാർപാടം, ദുബായ് തുറമുഖങ്ങൾ നഷ്ടത്തിലാവുമെന്ന ആശങ്കയാണു കാരണം.