അഭിറാം മനോഹർ|
Last Modified ശനി, 23 ജനുവരി 2021 (08:20 IST)
സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കമാണ് സർക്കാർ പ്രമേയത്തിലൂടെ നടപ്പിലാക്കിയത്. ജനാധിപത്യത്തിന് അപമാനമുണ്ടാക്കിയ പ്രമേയം പാസാക്കിയത് ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കുന്നതിന് മുമ്പ് അതിനുള്ള അധികാരമുണ്ടോ എന്നറിയാന്‍ നിയമോപദേശം തേടുകയെന്ന മര്യാദ സർക്കാർ കാണിക്കണമായിരുന്നു. അഴിമതി മറക്കാന്‍ ഫെഡറലിസത്തിന്റെ അന്ത:സത്തക്ക് കളങ്കം വരുത്തിയ സര്‍ക്കാരിനെ തിരിച്ചറിയാന്‍ കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് കഴിയും. പ്രത്യേക റിപ്പബ്ലിക്കല്ല കേരളമെന്ന് മുഖ്യമന്ത്രിയും കൂട്ടരും ഓർക്കണമെന്നും ഫെയ്സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ പറഞ്ഞു.