സ്വർണ്ണവേട്ട: രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് പിടിച്ചത് 1.52 കിലോ സ്വർണ്ണം

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (17:32 IST)

തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന 1.52 കിലോ സ്വർണ്ണം പിടികൂടി. മൂന്നു കേസുകളിലായാണ് 24 കാരറ്റിന്റെ ഇത്രയധികം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.

പിടികൂടിയ സ്വർണ്ണത്തിനു വിപണിയിൽ 95.38 ലക്ഷം രൂപ വിലവരും. ഇത് കൂടാതെ 185 ഗ്രാം സ്വർണ്ണ പൊടിയും പിടികൂടി. പിടികൂടിയ കേസുകളിൽ ആദ്യത്തെ രണ്ടെണ്ണത്തിൽ സ്വർണ്ണം ക്യാപ്സൂൾ രൂപത്തിലായിരുന്നു കടത്താൻ ശ്രമിച്ചത്. മൂന്നാമത്തെ കേസിൽ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന കാർഡ്ബോർഡ് പെട്ടിയിലെ പാളികൾക്കിടയിലായിരുന്നു സ്വർണ്ണം പൊടിരൂപത്തിൽ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ ജനുവരിയിൽ 8.815 കിലോ സ്വർണ്ണമാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പിടികൂടിയത്. പതിമൂന്നു കേസുകളിലായാണ് ഇത്രയധികം സ്വർണ്ണം പിടിച്ചത്.

ഇതിനൊപ്പം ഇക്കാലയളവിൽ 27400 കുറ്റി വ്യാജ സിഗററ്റുകളും പിടികൂടി. ഇതിനു വിപണയിൽ 4.51 ലക്ഷം രൂപ വിലവരും. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെയായി 93.32 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റാണ് ഇവിടെ കസ്റ്റംസ് പിടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :