അനന്തപുരി എഫ്എം പ്രക്ഷേപണം പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 25 ജൂലൈ 2023 (19:19 IST)
അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്തുവാനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന അനന്തപുരി എഫ്.എം. ആകാശവാണി ഉദ്യോഗസ്ഥരെപോലും അറിയിക്കാതെ പ്രക്ഷേപണം നിര്‍ത്തിയത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.

നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതില്‍ അനന്തപുരി എഫ്.എമ്മിന് വലിയ പങ്കുണ്ട്. സംഗീതം മാത്രമല്ല മണിക്കൂറുകള്‍ ഇടപെട്ടുള്ള വാര്‍ത്തയും മറ്റ് സാംസ്‌കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകര്‍ഷിച്ചിരുന്നു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം നല്‍കുവാന്‍ ഏറ്റവും മികച്ച ഉപാധിയായിരുന്നു അനന്തപുരി എഫ്.എം. എന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രക്ഷേപണം നിര്‍ത്തിയത് അനന്തപുരി എഫ്.എമ്മിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടത്തിന് കാരണമായതായും, തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :