തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 29 ജൂണ്‍ 2020 (17:37 IST)
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി റദ്ദാക്കിയ നടപടി കേന്ദ്ര സര്‍ക്കാര്‍
പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ തുടര്‍ സമരങ്ങളുടെ വിജയമെന്ന് ചെയര്‍മാന്‍ സുമേഷ് അച്യുതന്‍. ശ്രീനാരായണീയരുടെ
വോട്ട് തട്ടാന്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് അന്നത്തെ കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം 70 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു. എന്നാല്‍ ന്യായമല്ലാത്ത കാരണം പറഞ്ഞ് രണ്ടു മാസം മുന്‍പ് പദ്ധതി റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
ഇതിനെതിരെ കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് സമര പരമ്പരകള്‍ തന്നെ നടത്തുകയുണ്ടായി. തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ സംസ്ഥാന ചെയര്‍മാന്‍
24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിച്ചു.തുടര്‍ന്ന് ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് ആസ്ഥാനങ്ങളിലും ഗുരുദേവന്റെ കണ്ണാടി
പ്രതിഷ്ഠയെ അനുസ്മരിച്ച്
കണ്ണാടി സമരങ്ങള്‍ നടത്തി. എന്നിട്ടും കണ്ണു തുറക്കാത്ത ഭരണക്കാര്‍ക്കെതിരെ അരുവിപ്പുറത്തു നിന്നു ചെമ്പഴന്തി ,കായിക്കര വഴി 80 കിലോ മീറ്റര്‍ പദയാത്രയായി സംസ്ഥാന ചെയര്‍മാന്റെ നേതൃത്വത്തില്‍ ശിവഗിരിയിലേക്ക് ധര്‍മ്മയാത്ര നടത്തി. എന്നാല്‍ സമരങ്ങള തണുപ്പിക്കാനുള്ള സൂത്രപണിയാണ് ഇപ്പോഴത്തെ പിന്‍ വാങ്ങലെങ്കില്‍ വലിയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.