കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കെടാവിളക്ക് പൊലീസ് അടിച്ചു തകര്‍ത്തു

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കായി സ്ഥാപിച്ച കെടാവിളക്ക് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസ് അടിച്ചു തകര്‍ത്തതായി ആക്ഷേപം ഉയര്‍ന്നു

തൃശൂര്, കലാഭവന്‍ മണി, പൊലീസ്, ചാലക്കുടി thrissur, kalabhavan mani, police, chalakkudi
തൃശൂര്| സജിത്ത്| Last Modified ചൊവ്വ, 17 മെയ് 2016 (12:30 IST)
കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കായി സ്ഥാപിച്ച കെടാവിളക്ക് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന്
പൊലീസ് അടിച്ചു തകര്‍ത്തതായി ആക്ഷേപം ഉയര്‍ന്നു. രണ്ടര വര്‍ഷക്കാലമായി ചാലക്കുടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കലാഭവന്‍ മണി സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കെടാവിളക്ക് സ്ഥാപിച്ചത്.

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി അടുത്തിടെയാണ് ഇവിടെ കെടാവിളക്ക് സ്ഥാപിച്ചത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് കെടാവിളക്കിനു തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ള ഈ സമിതി ആറ്റിങ്ങള്‍ മേമം പൊലീസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇരുനൂറില്‍ പരം പ്രവര്‍ത്തകരാണ് സമിതിയിലുള്ളത്.
കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സമിതി മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

ഒരു സമീപവാസിയുടെ പരാതിയെ തുടര്‍ന്നാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടിടവും സാമഗ്രികളും പൊക്ലെയിന്‍ ഉപയോഗിച്ച് നിരപ്പാക്കിയത്. കെടാവിളക്ക് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ അദ്ദേഹം സമിതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനായി തങ്ങള്‍ സാവകാശം ചോദിച്ചിരുന്നതായും സമിതി അംഗങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ സമയം അനുവദിക്കാതെയാണ് കെടാവിളക്കും അന്നദാനത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും അടിച്ചുടച്ചതെന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് സമിതിയും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. റോഡപകടങ്ങളില്‍പെട്ടവര്‍ക്കും മറ്റ് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതി പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :