തിരുവനന്തപുരം|
aparna shaji|
Last Updated:
ബുധന്‍, 17 ഓഗസ്റ്റ് 2016 (12:24 IST)
മദ്യനയത്തിൽ താൻ ഭിന്നഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയം യു ഡി എഫ് സർക്കാരിന്റെ ഏറ്റവും ധീരമായ നടപടിയാണ്. കലാകൗമുദി അഭിമുഖം ദുർവ്യാഖ്യാനം ചെയ്തത് നിർഭാഗ്യമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തെ മദ്യാലയമാക്കാനാണു പിണറായി സര്‍ക്കാറിന്റെ ശ്രമം. ബാര്‍ ലോബിയുടെ അച്ചാരം വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. ബാർ വിഷയവുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ പ്രസ്താവനകൾക്കെതിരെ വി എം
സുധീരൻ ഉൾപ്പെടെയുള്ളവർ ശക്തമായ രീതിയിൽ രംഗത്തെത്തിയതോടെയാണ് ചെന്നിത്തല പ്രതികരണമറിയിച്ചത്.
പ്രധാന ഘടകക്ഷികളില്‍ ഒന്നായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ നട്ടെല്ലൊടിഞ്ഞ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല മദ്യനയത്തില്‍ നടത്തിയ പ്രസ്‌താവന യു ഡി എഫിനെ വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. യു ഡി എഫ് സർക്കാരിന്റെ മദ്യനയം നിയസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്‌തില്ല. വിഷയത്തില്‍ പാർട്ടി തിരുത്തൽ ആലോചിക്കണം. ഇക്കാര്യം ചർച്ചയ്‌ക്ക് വരുമ്പോള്‍ തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നുമാണ് ചെന്നിത്തല പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് വിഎം സുധീരനും മുസ്ലിം ലീഗും രംഗത്തുവന്നിരുന്നു. ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി ടിഎൻ പ്രതാപനും രംഗത്തുവന്നതോടെ ഒരിടവേളയ്ക്ക് ശേഷം യുഡിഎഫിൽ വീണ്ടും ബാർ വിഷയത്തിൽ തർക്കം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തോല്‍വിക്ക് കാരണം മദ്യനയമല്ലെന്നും അഴിമതിയാണ് തോല്‍വിക്ക് കാരണമായതെന്നുമാണ് കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കിയത്.