തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 11 മെയ് 2016 (11:43 IST)
ഉമ്മന്‍ ചാണ്ടിക്കെതിരെ വി എസ് വീണ്ടും രംഗത്ത്. സംസ്ഥാനത്തെ സാമ്പത്തികനിലയും ഖജനാവും ഭദ്രമാണെന്ന ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദത്തിന് പരിഹാസപൂര്‍ണമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ ഖജനാവ് ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നിത്യദാനച്ചെലവിനായുള്ള പണം കണ്ടെത്തുന്നതിനായി ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിറളിപിടിച്ച് ഓടുകയാണെന്നും വി എസ് കുറ്റപ്പെടുത്തുന്നു. തെന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി എസ് മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപത്തില്‍ പ്രതികരിക്കുന്നത്.
വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഖജനാവ് ഭദ്രമെന്ന് ഉമ്മൻ ചാണ്ടി;
കാലിയായ ഖജനാവ് ഭദ്രമായിരിക്കുമെല്ലോ???!!!
ധനമന്ത്രി കൂടിയായ താങ്കൾ പറയുന്നു കേരളത്തിന്റെ ഖജനാവ് ഭദ്രം. എന്നാൽ സെക്രട്ടേറിയറ്റിലെ ധനവകുപ്പിലെ ഉദ്യോഗസ്ഥർ അന്തംവിട്ട് ധനവകുപ്പ് സെക്രട്ടറിയുടെ മുറിയിലേക്കും അവിടെ നിന്ന് താങ്കളുടെ ഓഫീസിലേക്കും ഓടി നടക്കന്നു. നിത്യനിദാനച്ചെലവിനും ആവശ്യമായ പണം കണ്ടുപിടിക്കുതിനാണ് ഈ വിറളിപിടിച്ച ഓട്ടം! ജീവനക്കാരടെ ശമ്പളവും മറ്റ് അലവൻസുകളും വിതരണം ചെയ്യുന്നത് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് താമസിപ്പിക്കുന്നതായി വാർത്തകൾ വരുന്നു. വികസനപ്രവർത്തനങ്ങളുടെ പണം നൽകാൻ സർക്കാരിന്റെ ഖജനാവിൽ ഒരു നയാപൈസ പോലും ഇല്ല എന്നതാണ് അവസ്ഥ. കോട്രാക്ടർമാരുടെ ചെക്കുകളെല്ലാം പ്രീ ഓർഡർ ചെക്കായി ആറുമാസം കഴിഞ്ഞുളള തീയതിയിൽ നൽകിയിരിക്കുകയാണ്. എന്തിനേറെ പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ ഇരകൾക്ക് നൽകുന്ന ചെക്കുകൾക്ക് പോലും ഇതാണ് സ്ഥിതി. ചെക്ക് കിട്ടിയവരെല്ലാം ചെക്കുമായി തേരാപാര നടക്കുകയാണ്.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് പെട്രോൾ അടിക്കുതിനും മറ്റ് അത്യാവശ്യ ചെലവിനു പോലും കാശില്ല. വികസന വായ്ത്താരി പറയുന്ന താങ്കളുടെ സർക്കാർ, പ്ലാൻ ഫണ്ടിൽ നിന്ന് കഴിഞ്ഞ വർഷം ചെലവാക്കിയത് വെറും 47 ശതമാനം മാത്രമാണല്ലോ?. ഈ 47 ശതമാനത്തിന്റെ ബില്ലുകളാണ് ധനവകുപ്പിൽ നിന്നും പലതരത്തിൽ വേർതിരിച്ച് ആറും ഏഴും മാസം കഴിഞ്ഞുളള തീയതികളിൽ ചെക്കുകളായി നൽകിയിരിക്കുത്.
നിങ്ങൾക്കെതിരെ ജനം 'ചെക്ക്' പറഞ്ഞിരിക്കുകയാണ്. ഒരുകാര്യം ഉറപ്പാണല്ലോ? ആറുമാസം കഴിഞ്ഞ് പണത്തിനായി ആരും താങ്കളെ സമീപിക്കുകയില്ല, ഈ തിരിച്ചറിവ് താങ്കൾക്കുള്ളത് നല്ലതുതന്നെ.
വരവിന്റെ കാര്യത്തിലാണെങ്കിലോ? കിട്ടാനുളള തുകയ്ക്ക് കോഴ വാങ്ങി സ്‌റ്റേ നൽകുകയാണ് താങ്കളുടെ സർക്കാരിന്റെ കലാപരിപാടി. ഇതിൽ അഗ്രഗണ്യനായിരുല്ലോ താങ്കളുടെ സുഹൃത്ത് കെ.എം. മാണി?. ഇങ്ങനെ കേരളത്തിന്റെ വരവുകോളം താങ്കൾ പൂജ്യമാക്കി. അങ്ങനെ ഖജനാവ് വട്ടപൂജ്യമായി. കടുംവെട്ട് വെട്ടി സർക്കാർ ഭൂമിയും കായലും പുഴയും വിറ്റ് കീശ വീർപ്പിച്ച താങ്കളും സഹമന്ത്രിമാരും സമ്പന്നർ. കേരളത്തിന്റെ ഖജനാവോ ഓട്ടക്കാലണ. അങ്ങനെ കേരളത്തെ ഓട്ടക്കാലണയാക്കിയ താങ്കൾക്കും കൂട്ടർക്കും ഉചിതമായ മറുപടി മേയ് 16-ന് ജനം നൽകും - ഉറപ്പ്