സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (12:33 IST)
തിരുവനന്തപുരത്ത് ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍. തിരുവനന്തപുരം കൊറ്റാമത്താണ് സംഭവം. 31കാരിയായ സൗമ്യയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് യുവതിയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഇവരുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയുമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ മാതാവ് കാലൊടിഞ്ഞു കിടക്കുകയാണ്.
ഇവര്‍ക്ക് കൂട്ടു കിടക്കുകയായിരുന്നു യുവതി. സൗമ്യയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് ഭര്‍ത്താവായ ആദര്‍ശിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നാലുവര്‍ഷം മുമ്പാണ് സൗമ്യയുടെ വിവാഹം നടന്നത്. സൗമ്യക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.