വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 22 ഡിസംബര്‍ 2020 (08:29 IST)
കോട്ടയം: സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുണ്ടായിരുന്നു എന്ന് കേസിലെ ഏഴാം സാക്ഷിയായ വർഗീസ് ചാക്കോ. അഭയ കേസിൽ ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുത്തയാളാണ് വർഗീസ് ചാക്കോ. മൃതദേഹത്തിന്റെ ക്ലോസ് അപ്പ് ഫോട്ടോകൾ എടുക്കുമ്പോൾ കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാട് വ്യക്തമായി കാണാമായിരുന്നു എന്ന് വർഗീസ് ചാക്കോ പറയുന്നു.
മൃതദേഹത്തിലെ നാല് ക്ലോസ് അപ്പ് ഫോട്ടോകൾ എടുകുമ്പോൾ കഴുത്തിൽ നഖംകൊണ്ട് മുറിഞ്ഞ പാട് വ്യക്തമായി കണാമായിരുന്നു, പത്ത് ഫോട്ടോയാണ് അന്ന് ആകെ എടുത്തത്, എന്നാൽ അതിൽ ആറ് ഫോട്ടോ മാത്രമാണ് സിബിഐയ്ക്ക് ലഭിച്ചത്. സാക്ഷി മൊഴി പറയാൻ ചെന്നപ്പോൾ എന്നെ ഫോട്ടോ കാണിച്ചിരുന്നു. ഞാനെടുത്ത നാലുഫോട്ടോകൾ അതിൽ ഉണ്ടായിരുന്നില്ല. ഞാൻ ചെല്ലുമ്പോൾ അഭയയുടെ മൃതദേഹം വസ്ത്രങ്ങൾ മാറ്റി ബെഡ്ഷീറ്റ് പുതച്ച് പുൽപ്പായയിൽ വച്ചിരിയ്ക്കുകയായിരുന്നു,
ഫോട്ടോഗ്രാഫർ വരാതെ വസ്ത്രങ്ങൾ മാറ്റാൻ നിയമമില്ല. തലയ്ക്ക് പുറകിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. എന്നാൽ പൊലീസ് ആ ഫോട്ടോ എടുപിച്ചില്ല. മൃതദേഹത്തിന്റെ മുൻഭാഗം മാത്രമാണ് അന്ന് ഫോട്ടോ എടുത്തത്. അഭയയുടേത് കൊലപാതകമാണെന്ന് വിശ്വസിയ്ക്കുന്നു എന്നും ആ കുടുംബത്തിന് നീതി ലഭിയ്ക്കണം എന്നും വർഗീസ് ചാക്കോ പറഞ്ഞു. കേസിൽ ഇന്ന് വിധി വരാനിരിയ്ക്കെയാണ് വർഗീസ് ചാക്കോയുടെ വെളിപ്പെടുത്തൽ