കൊല്ലം|
JOYS JOY|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (17:42 IST)
നികുതി വെട്ടിച്ച് ആന്ധ്രാപ്രദേശില്‍ നിന്ന് ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് കൊണ്ടുവന്ന 3.18 കോടി രൂപയുടെ സ്വര്‍ണ്ണാഭരണം വാണിജ്യനികുതി വകുപ്പിന്‍റെ ഇന്‍റലിജന്‍സിന്‍റെ ഷാഡോ വിഭാഗം പിടികൂടി. നികുതി വെട്ടിപ്പിന്‍റെ പേരില്‍ സംസ്ഥാനത്ത് അടുത്തിടെ നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണിത് എന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെ കൊല്ലം റയില്‍വേ പാഴ്സല്‍ വിഭാഗത്തില്‍ അധികാരികള്‍ നടത്തിയ നിരീക്ഷണത്തിലാണ് സംഗതി വെളിപ്പെട്ടത്. സംശയകരമായി ഇവിടെ കണ്ട തെങ്കാശി സ്വദേശികളായ ശങ്കര്‍ റാവു, നസീം, ദിനേശ് കുമാര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വെട്ടിപ്പിന്‍റെ ചുരുള്‍ അഴിഞ്ഞത്.
മൂന്നു ബിഗ്ഷോപ്പറുകളിലായി കൊണ്ടുവന്ന ആഭരണങ്ങള്‍ കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഇത് സ്വര്‍ണ്ണം പൂശിയതാണെന്നും പിന്നീട് ഇത് മാറ്റിപ്പണിയാനാണെന്നും പറഞ്ഞെങ്കിലും ഒടുവില്‍ കൊല്ലത്തെ ജുവലറികളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചു. തുടര്‍ന്ന് 79.65 ലക്ഷം രൂപ ഇവരില്‍ നിന്ന് നികുതി, പിഴ ഇനത്തില്‍ ഈടാക്കി.
ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ സതീശിന്‍റെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി ഇന്‍റലിജന്‍സ് ഓഫീസര്‍ കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.