ടൗട്ടെ ചുഴലിക്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ രൂപപ്പെടും, ആശങ്കയിൽ കേരളം

അഭിറാം മനോഹർ| Last Modified വെള്ളി, 14 മെയ് 2021 (18:48 IST)
കേരളത്തിൽ ആശങ്കയുണർത്തി അറബിക്കടലില്‍ രൂപ കൊണ്ട തീവ്രന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ശക്തമായ മഴയും കടൽകയറ്റവും വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും കേരളതീരത്തിനോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരക്കടൽ ക്ഷുബ്ധമാവും. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണമായും വിലക്കേർപ്പെടുത്തി. ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത കണക്കിലെടുത്ത് സംസ്ഥാനത്തെ പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :